

സ്കൂൾ മേളയോട് അനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവലും വിദ്യാർത്ഥികളുടെ ശാസ്ത്ര പ്രദർശനവും ഉണ്ടായിരിക്കും. ആദ്യ ദിനത്തിൽ സ്കൂൾ യുവജനോത്സവത്തിന്റെ ഫിനാലെയാണ് മൈതാനത്ത് നടക്കുക. രണ്ടാം ദിനത്തിൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിം മൃദുല വാര്യർ നയിക്കുന്ന ദക്ഷിണേന്ത്യൻ സംഗീത പരിപാടികളും സമാപന ദിനത്തിൽ ബോളിവുഡ് ഗായിക ഭൂമി ത്രിവേദി നയിക്കുന്ന സംഗീത മേളയുമാണ് ഒരുക്കുന്നത്. ഫെയറിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ആർട് എക്സിബിഷൻ സന്ദർശകർക്ക് നവ്യാനുഭവമാവും. ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിനു പ്രവാസി സമൂഹത്തിന്റെ സമസ്ത മേഖലകളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചു വരുന്നതെന്ന് ജനറൽ കൺവീനർ ഷാനവാസും രക്ഷാധികാരി മുഹമ്മദ് മാലിമും പറഞ്ഞു. മൂന്നു വർഷത്തെ ഇടവേളക്കു ശേഷം നടക്കുന്ന ഫെയറിൽ സ്റ്റാൾ ബുക്കിംഗിന് മികച്ച പ്രതികരണം ഇന്ത്യൻ സ്കൂളിന് ലഭിച്ചു വരുന്നു. വൈകുന്നേരം 6 മണി മുതൽ 11 മണി വരെയാണ് ആഘോഷ പരിപാടികൾ നടക്കുക. മേള സന്ദർശിക്കാൻ എത്തുന്നവർക്കായി ഇന്ത്യൻ സ്കൂൾ വിശാലമായ പാർക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സ്കൂളിന് സമീപമുള്ള സ്റ്റേഡിയത്തിലും തൊട്ടടുത്ത സ്കൂൾ ഗ്രൗണ്ടിലും പാർക്കിങ് സൗകര്യങ്ങൾ ലഭ്യമാക്കും. ഇന്ത്യൻ സ്കൂൾ ഫുട്ബോൾ ഗ്രൗണ്ടിൽ വിനോദപരിപാടികളും ബന്ധപ്പെട്ട സ്റ്റാളുകളും ഉണ്ടായിരിക്കും. ഫുഡ് സ്റ്റാളുകളും മറ്റ് വാണിജ്യ സ്റ്റാളുകളും ബാസ്കറ്റ് ബോൾ ഗ്രൗണ്ടിൽ ക്രമീകരിക്കും. കുട്ടികൾക്കുള്ള വിവിധ വിനോദ പരിപാടികൾ ഉണ്ടാകും. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ നടത്തുന്ന വിവിധ സാംസ്കാരിക പരിപാടികൾ മേളയിൽ സംഘടിപ്പിക്കും. മെഗാ ഫെയർ ഫുഡ് സ്റ്റാളുകൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാചകരുചി വൈവിധ്യങ്ങൾ അനുഭവിക്കാൻ അവസരം നൽകും. മേളയും പരിസരങ്ങളും സിസിടിവി നിരീക്ഷണത്തിലായിരിക്കും. പ്രവാസി കുടുംബങ്ങൾക്ക് വിനോദപരിപാടികളിൽ പങ്കെടുക്കാനും ആസ്വദിക്കാനും ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ അവസരം നൽകുന്നു. ഇന്ത്യൻ സ്കൂളിന്റെ രണ്ടു കാമ്പസുകളിൽ നിന്നുമുള്ള അധ്യാപകർ ഫുഡ് സ്റ്റാളുകളും ഗെയിം സ്റ്റാളുകളും ഒരുക്കും. കുട്ടികൾക്ക് മേള ആസ്വാദിക്കുന്നതിനും കളിക്കുന്നതിനും വിവിധ കളിക്കോപ്പുകൾ പ്രദർശന നഗരിയിൽ ഉണ്ടായിരിക്കും. വാട്ടർഷോ,പ്രോപ്പർട്ടി, മെഡിക്കൽ,എജുക്കേഷൻ, ഫൈനാൻസ്, വസ്ത്രവ്യാപാരം തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി പ്രത്യക എക്സിബിഷനും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
