ലക്ഷദീപിൽ നടക്കുന്നത് ഭരണ ഘടനക്ക് നിരക്കാത്ത നടപടികൾ : ജോൺ ബ്രിട്ടാസ് എം പി

മനാമ : ലക്ഷദ്വീപിൽ പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർ നടത്തി കൊണ്ടിരിക്കുന്നത് ഭരണ ഘടന വിരുദ്ധ നടപടികളാണെന്ന് രാജ്യ സഭ അംഗം ജോൺ ബ്രിട്ടാസ് അഭിപ്രായപെട്ടു. ജി സി സി ഇസ്‌ലാഹി കോർഡിനേഷൻ കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച ലക്ഷദ്വീപ്, പ്രവാസികൾ പ്രതികരിക്കുന്നു എന്ന പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്ന സംജ്ഞ രൂപപ്പെടുന്നത് സാംസ്‌കാരികവും സാമ്പത്തികവും ഭൂമി ശാസ്ത്രപരവുമായി പ്രത്യേകം സംരക്ഷിക്കേണ്ട മേഖലകൾ എന്ന നിലയിലാണ്. ഭരണഘടന നൽകുന്ന ഈ പരിരക്ഷയാണ് ദീപിൽ തകർത്തു കൊണ്ടിരിക്കുന്നത് ഇതിനെതിരിൽ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മാംസാഹാരം നിരോധിക്കുന്നതിലൂടെയും മദ്യം സർവത്രികമാക്കുന്നതിലൂടെയും ദ്വീപ് ജനതയുടെ സംസ്‍കാരം തകർക്കുകയാണ്  പുതിയ ഓർഡിനൻസുകൾ വഴി കേന്ദ്ര ഗവൺമെന്റ്‌ ലക്ഷ്യം വെക്കുന്നത്. ലക്ഷദീപ് റെഗുലേഷൻ അതോറിറ്റി ആക്ട് നടപ്പാക്കുക വഴി ദ്വീപ് ജനതയുടെ ഭൂമി യാതൊരു നിയമ പരിരക്ഷയും കിട്ടാതെ കോർപ്പറേറ്റുകൾക്ക് നിയമപരമായി കയ്യേറാനുള്ള വാതിലുകൾ തുറക്കുകയാണെന്ന് ലക്ഷദ്വീപ് പാർലമെന്റ് അംഗം മുഹമ്മദ്‌ ഫൈസൽ പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുണ്ട ആക്ട് പോലെ കരിനിയമം അടിച്ചേല്പിച്ചു കൊണ്ട് ദ്വീപ് ജനതയെ നിശബ്ദമാക്കാമെന്നു കരുതുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഗുണ്ട ആക്ട് പ്രകാരം കുറ്റം ചെയ്യാതെ തന്നെ സംശയത്തിന്റെ മുനയിൽ നിർത്തി അറസ്റ്റ് ചെയ്യാനും സമധാനപരമായി പോലും ഭരണ കൂടത്തിനെതിരെ പ്രതിഷേധിക്കാൻ പോലും അവകാശമില്ലാത്ത വിധമുള്ള ജനാതിപത്യ ദ്ധംസനമാണ് ദ്വീപിൽ നടക്കുന്നത് എന്ന് മീഡിയ വൺ സീനിയർ ന്യൂസ്‌ എഡിറ്റർ അഭിലാഷ് മോഹനൻ അഭിപ്രായപെട്ടു.
ഇത്തരം ജനവിരുദ്ധ നടപടികളിലൂടെ സംഘ പരിവാർ ലക്ഷ്യം വെക്കുന്നത് നമ്മുടെ രാഷ്ട്ര ശില്പി ആയ ജവഹർ ലാൽ നെഹ്‌റു പഞ്ചശീല തത്വങ്ങളിലൂടെ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കു നൽകിയ രാഷ്ട്ര സങ്കൽപ്പങ്ങളെ കൂടി തകർക്കുകയാണ് എന്ന് മുൻ എം എൽ എ വി ടി ബൽറാം പറഞ്ഞു.
ഇന്ത്യയിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് ദുഷ്ടതയുടെ സാധാരണതയാണ്. സംഘപരിവാർ ആന്തരികശത്രുക്കളായി എണ്ണി പറഞ്ഞവരെ ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്നു പ്രമുഖ മാധ്യമ പ്രവർത്തകൻ ഷാജഹാൻ മാടമ്പാട്ട് അഭിപ്രായപെട്ടു.
സാംസ്‌കാരികമായും സാമ്പത്തികമായും ഭൂമി ശാസ്ത്ര പരമായും ലക്ഷ്ദ്വീപിനെ ചുഷണം ചെയ്തു നശിപ്പിക്കാൻ വേണ്ടി നടത്തി കൊണ്ടിരിക്കുന്ന എല്ലാത്തരത്തിലുള്ള നടപടികൾക്കെതിരെയും ശക്തമായ ബഹുജന സമരങ്ങൾ ഉയർന്നു വരണമെന്ന് ഐക്യദാർഢ്യ സംഗമത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ജി സി സി ഇസ്‌ലാഹി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ സലാഹ്‌ കാരാടൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബഷീർ വള്ളിക്കുന്ന് (സൗദി അറേബ്യ).സുരേഷ് വല്ലത്ത് (ഓസ്ട്രേലിയ),നൗഷാദ് കെ ടി (ബഹ്‌റൈൻ),ടി വി ഹിക്മത്ത്‌ (കുവൈത്ത്‌) ഡോ. അൻവർ സാദത്ത് (ജനറൽ സെക്രട്ടറി ഐ എസ് എം കേരള )എന്നിവർ സംസാരിച്ചു.കെ എൻ സുലൈമാൻ മദനി സ്വാഗതവും മുജീബ്‌ മദനി നന്ദിയും പറഞ്ഞു.