അബുദാബി :യു.എ.ഇയില്‍ വാഹനാപകടങ്ങളുണ്ടാകുമ്പോൾ കാഴ്ചക്കാരാകുന്നവർക്കെതിരെ നിയമനടപടിയുമായി പൊലീസ്. രക്ഷാദൌത്യത്തിന് തടസമാകുന്ന രീതിയിൽ അപകടസ്ഥലത്ത് വാഹനം നിർത്തിയാൽ ആയിരം ദിർഹം പിഴ അടയ്ക്കേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.അപകടദൃശ്യങ്ങൾ മൊബൈലിലുൾപ്പെടെ പകർത്തുന്നവർക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ നിർദേശം. വാഹനാപകടങ്ങൾ കണ്ട് വണ്ടിനിർത്തി കൂടുതൽ ഗതാഗതകുരുക്കുണ്ടാക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്. പൊലീസിനും ആംബുലൻസിനും അപകട സ്ഥലത്ത് എത്തുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും കാലതാമസം ഉണ്ടാകുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ മാസം, അല്‍ഐനില്‍ ഒന്‍പതു പേര്‍ക്ക് പരുക്കേറ്റ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകാനുണ്ടായതും ഇക്കാരണത്താലാണെന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും കഴിഞ്ഞവർഷം ജൂലൈയിൽ നിലവിൽവന്ന ഗതാഗത നിയമ ഭേദഗതിയെക്കുറിച്ചും പൊലീസ് ജനങ്ങളെ ബോധവല്‍കരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളിലൂടെയും പ്രത്യേക ക്യാംപെയിനിലൂടെയും ബോധവല്കരണം നടത്തിവരുന്നു.