അബുദാബി: ഹോട്ടല്‍, കാസിനോ ഓപ്പറേറ്ററായ വിന് റിസോര്‍ട്ട്സിന് യുഎഇയുടെ ആദ്യത്തെ വാണിജ്യ ഗെയിമിങ് ഓപ്പറേറ്ററുടെ ലൈസന്‍സ് ലഭിച്ചു. ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആര്‍എ)യാണ് ഇക്കാര്യം അറിയിച്ചത്. ലാസ് വെഗാസ് ആസ്ഥാനമായുള്ള കാസിനോ സ്ഥാപനം മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ആദ്യത്തെ സംയോജിത ഗെയിമിങ് റിസോര്‍ട്ടായി വിന് അല്‍ മര്‍ജാന്‍ ദ്വീപ് നിർമിക്കും. 2027ന്റെ തുടക്കത്തില്‍ പൊതുജനങ്ങള്‍ക്കായി ഇത് തുറന്നുകൊടുക്കും.ഏകദേശം 62 ഹെക്ടര്‍ ദ്വീപിലാണ് മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതി നിര്‍മ്മിക്കുന്നത്. കമ്പനിക്ക് നല്കിയ ലൈസന്‍സിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും ജിസിജിആര്‍എ പുറത്തുവിട്ടിട്ടില്ല. റാസല്‍ ഖൈമയിലെ വിന് അല്‍ മര്‍ജാന്‍ ദ്വീപ് റിസോര്‍ട്ട് വികസിപ്പിക്കുന്ന സ്ഥാപനത്തിന് വാണിജ്യ ഗെയിമിങ് സൗകര്യ ഓപ്പറേറ്റര്‍ ലൈസന്‍സ് ലഭിച്ചതായി വിന് റിസോര്‍ട്ട്സ് പ്രസ്താവനയില്‍ പറഞ്ഞു.യുഎഇയിലെ എല്ലാ വാണിജ്യ ഗെയിമിങ് പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും നിയന്ത്രിക്കുകയും ലൈസന്‍സ് നല്‍കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന യുഎഇ ഫെഡറല്‍ ഗവണ്മെന്റിനുള്ളിലെ ഒരു സ്വതന്ത്ര എക്സിക്യൂട്ടീവ് സ്ഥാപനമായ ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആര്‍എ) നല്കുന്ന രണ്ടാമത്തെ ഗെയിമിങ് ലൈസന്‍സാണിത്.