ബഹ്റൈൻ : ജൂൺ 20 മുതൽ ചാർട്ടേഡ് വിമാനം വഴി നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്ന കേരള സർക്കാരിൻ്റെ പുതിയ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ ആവശ്യപ്പെട്ടു.നിലവിൽ പല എയർപോർട്ടുകളിലും റാപ്പിഡ് ടെസ്റ്റ് നിർബന്ധമാണ്. യാത്ര പുറപ്പെടും മുമ്പ് യാത്രക്കാർ ടെസ്റ്റ് നിർവഹിക്കുന്നുമുണ്ട്. ഏതെങ്കിലും രീതിയിൽ പ്രശ്നങ്ങൾ കാണുന്നവർക്ക് യാത്രാ അനുമതി നൽകുന്നുമില്ല. ഈ യാത്രക്കാർക്ക് ഒരു കോവിഡ് ടെസ്റ്റ് നടത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇതിലൂടെ ഓരോ വ്യക്തിക്കും വലിയ അധികച്ചെലവ് വരികയാണ്. നിലവിലെ പ്രതിസന്ധികളിൽ പലരുടേയും കാരുണ്യത്തിലാണ് ടിക്കറ്റ് പോലും ലഭിക്കുന്നത്. അതിനിടയിലാണ് ഇത്രയും വലിയൊരു ചാർജ് വീണ്ടും ചെലവഴിക്കേണ്ടി വരുന്നത് എന്നത് ഓരോ പ്രവാസിക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക. അതോടൊപ്പം ചുരുങ്ങിയ സമയത്തിനകം ടെസ്റ്റ് നടത്തുന്നതിനു വിവിധ രാജ്യങ്ങളിൽ സൗകര്യമില്ലതാനും. വന്ദേഭാരത് മിഷനിൽ വരുന്നവർക്ക് ടെസ്റ്റ് നിർബന്ധമില്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും പരിശോധനയില്ല. ചാർട്ടേർഡ് ഫ്ലൈറ്റിൽ വരുന്നവർക്ക് മാത്രം ടെസ്റ്റ് നിർബന്ധമാണ് എന്നത് ഇരട്ട നീതിയാണ്. പ്രവാസികളോട് കഴിഞ്ഞ കാലങ്ങളിൽ അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിച്ച സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്നതാണ് ഈ ഉത്തരവ്. ഈ സാഹചര്യങ്ങളിൽ പ്രസ്തുത തീരുമാനം പിൻവലിച്ചു പ്രവാസികൾക്ക് ഗുണകരമായ നിലപാട് സർക്കാർ സ്വീകരിക്കണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു.
തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ സി എഫ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.