മാവേലിക്കര : വേലിക്കര വള്ളികുന്നത്ത് വനിതാ സിവിൽ പൊലീസ് ഓഫിസർ സൗമ്യയെ കൊലപ്പെടുത്താൻ കാരണം പ്രതി അജാസിന്റെ മുൻവൈരാഗ്യമെന്നു സൗമ്യയുടെ അമ്മ ഇന്ദിര. അജാസ് സൗമ്യയെ മുൻപും കൊല്ലാൻ ശ്രമിച്ചിരുന്നു. സൗമ്യയുടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. എല്ലാ വിവരങ്ങളും വള്ളികുന്നം എസ്ഐയെ ധരിപ്പിച്ചിരുന്നു– ഇന്ദിര പറഞ്ഞു.
അജാസിൽ നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. അതു തിരികെ നൽകിയെങ്കിലും വാങ്ങാൻ അജാസ് തയാറായില്ല. തുടർന്ന് പണം അക്കൗണ്ടിലേക്കിട്ടു. അജാസ് അതു തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്കു തന്നെ അയച്ചു. തുടർന്ന് സൗമ്യയ്ക്കൊപ്പം ഇന്ദിരയും രണ്ടാഴ്ച മുൻപ് ആലുവയിൽ എത്തി പണം നേരിട്ടു നൽകാൻ ശ്രമിച്ചു. അതു വാങ്ങാനും അജാസ് തയാറായില്ലെന്നും ഇന്ദിര പറയുന്നു. പകരം വിവാഹാഭ്യർഥന നടത്തുകയായിരുന്നു. അജാസ് രണ്ടു തവണ വീട്ടിൽ വന്നിരുന്നു. മാനസികമായും ശാരീരികമായും മകളെ ഭീഷണിപ്പെടുത്തി. ഒരിക്കൽ ഷൂ കൊണ്ടു തല്ലിയെന്നും ഇന്ദിര പറഞ്ഞു. വിവാഹത്തിന് അജാസ് സൗമ്യയെ നിർബന്ധിച്ചിരുന്നുവെന്നും എന്നാൽ അതിനു വഴങ്ങാത്തതിലുള്ള വൈരാഗ്യമാണു കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
കൊല്ലം ക്ലാപ്പന തണ്ടാശേരിൽ പുഷ്പാകരന്റെയും ഇന്ദിരയുടെയും മൂത്ത മകളാണ് സൗമ്യ. ഇന്ദിര രാപകൽ തയ്യൽ ജോലി ചെയ്താണ് സൗമ്യയെയും സഹോദരിയെയും പഠിപ്പിച്ചത്. പുഷ്പാകരൻ വർഷങ്ങളായി തളർന്നു കിടപ്പാണ്. ബിരുദം പാസായ സൗമ്യ കഠിനപരിശ്രമത്തിലൂടെ പൊലീസിൽ ജോലി നേടി.സൗമ്യയുടെ മൂന്നു മക്കളിൽ ഇളയ കുട്ടിയെ ക്ലാപ്പനയിലെ വീട്ടിൽ അമ്മൂമ്മയ്ക്കൊപ്പമാണ്. സൗമ്യ ജോലിക്കു പോകുന്നതിനാൽ അങ്കണവാടിയിൽ പോകാനുള്ള സൗകര്യത്തിനാണ് കുട്ടിയെ അമ്മയുടെ അടുത്തു നിർത്തുന്നത്. മിക്കപ്പോഴും ജോലി കഴിഞ്ഞു സൗമ്യ ക്ലാപ്പനയിലെത്തി മകളെ വള്ളികുന്നത്തേക്ക് കൂട്ടിക്കൊണ്ടുപോകും. നാലു ദിവസം മുൻപും സൗമ്യ വന്നിരുന്നതായി അച്ഛനുമമ്മയും നിറകണ്ണുകളോടെ പറയുന്നു. സൗമ്യയും കുടുംബവും അടുത്തിടെയാണ് വള്ളികുന്നത്തെ പുതിയ വീട്ടിലേക്കു താമസം മാറ്റിയത്.
അവധിയെടുത്ത് നിരീക്ഷണം പ്രത്യേകം പണിയിച്ച ആയുധങ്ങളുമായി, വ്യക്തമായ ആസൂത്രണത്തോടെയാണു സൗമ്യയെ കൊലപ്പെടുത്താൻ അജാസെത്തിയതെന്നും പൊലീസ് പറയുന്നു. അജാസ് ഉപയോഗിച്ച കൊടുവാളും കത്തിയും വിപണിയിൽ കിട്ടുന്ന വിധമുള്ളതല്ല. സാധാരണ കത്തിയേക്കാൾ നീളമുണ്ട്. കൊടുവാളിനും നല്ല നീളവും മൂർച്ചയുമുണ്ട്. സൗമ്യയെ അപായപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജാസ് പറഞ്ഞു പണിയിച്ച ആയുധങ്ങളാകാം ഇവയെന്നാണു പൊലീസിന്റെ നിഗമനം.
അതേസമയം അജാസ് എറണാകുളത്തുനിന്നാണു കൊടുവാൾ വാങ്ങിയതെന്നും ചില സൂചനകളുണ്ട്. കൃത്യമായി ജോലിക്കു ഹാജരായിരുന്ന അജാസ് കഴിഞ്ഞ കുറച്ചുനാളുകളായി ഇടയ്ക്കു അവധിയെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ലീവിലായിരുന്നു. അവധിയെടുത്ത് സൗമ്യയെ നിരീക്ഷിക്കുകയായിരുന്നു എന്നാണു പൊലീസ് നിഗമനം.
കൊല്ലണമെന്നുറപ്പിച്ചു തന്നെ…
അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളിൽ കൊടുവാളും കത്തിയും രണ്ടു കുപ്പി പെട്രോളും രണ്ടു സിഗരറ്റ് ലൈറ്ററും സൂക്ഷിച്ചിരുന്നു. ഏതുവിധത്തിലും കൊലപ്പെടുത്തണമെന്നു തീരുമാനിച്ചതിന്റെ സൂചനയാണിത്. ഒരു കുപ്പി പെട്രോളോ ഒരു ലൈറ്ററോ നഷ്മായാലും ലക്ഷ്യം നടപ്പാക്കാനാണ് ഓരോന്നുകൂടി സൂക്ഷിച്ചതെന്നാണ് കരുതുന്നത്.
സാമ്പത്തിക ചുറ്റുപാടുള്ള കുടുംബമാണ് അജാസിന്റേത്. സിവിൽ ലൈൻ റോഡിലെ വാഴക്കാല ജംക‍്ഷനിൽ നിന്നു 100 മീറ്റർ മാത്രം മാറിയാണ് മൂലേപ്പാടം റോഡിൽ അജാസിന്റെ വീട്. വീടിനോടു ചേർന്നു റോഡരികിൽ കടമുറികൾ നിർമിച്ചു വാടകയ്ക്കു നൽകിയിട്ടുണ്ട്.