നന്മയുടെ നവലോകം സൃഷ്ടിക്കാൻ സ്‌ത്രീകളും മുന്നിട്ടിറങ്ങുക; എ.റഹ്മത്തുന്നിസ

മനാമ: നന്മയുടെ നവലോകം സൃഷ്ടിക്കാൻ സ്‌ത്രീകളും മുന്നിട്ടിറങ്ങണമെന്ന് ട്വീറ്റ് ചെയർപേഴ്‌സൺ എ.റഹ്മത്തുന്നിസ പ്രസ്‌താവിച്ചു. “നവലോക നിർമ്മിതിയിൽ സ്ത്രീകളുടെ പങ്ക്’ എന്ന തലക്കെട്ടിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അവർ. പുരുഷന്മാരുമായി മത്സരിക്കുകയല്ല മറിച്ചു അവരെ കൂടി ചേർത്ത് പിടിച്ചുകൊണ്ടായിരിക്കണം മാറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടത്. ലോകം ഇന്ന് സത്യാനന്തര കാലഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇവിടെ പുതിയ സമവാക്യങ്ങളും സംജ്ഞകളും രൂപപ്പെട്ടു വരുകയാണ്. മാറ്റങ്ങൾ സ്വന്തത്തിൽ നിന്നും അവരവരുടെ വീടകങ്ങളിൽ നിന്നും തന്നെ ആരംഭിക്കണം. വർഗത്തിന്റെയും വർണത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനങ്ങൾ അവസാനിപ്പിക്കപ്പെടണം. ചരിത്രത്തിലെ പല സാമൂഹിക വിപ്ലവങ്ങൾക്കും സ്ത്രീകൾ തന്നെയായിരുന്നു നേതൃത്വം നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു.

പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ ശബരിമാലയും സമ്മേളനത്തിൽ പ്രസംഗിച്ചു. നന്മകൾക്കും മൂല്യങ്ങൾക്കും പ്രാമുഖ്യം കൊടുക്കുന്ന ദർശങ്ങളെയും വ്യവസ്ഥകളെയും തകർക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്ന കാലമാണിതെന്ന് അവർ പറഞ്ഞു. തിന്മയുടെ പ്രണേതാക്കളുടെ ഈ കുൽസിതപ്രവർത്തനങ്ങളെ ചെറുത്തു തോൽപിക്കാൻ കഴിയണം. ദൃഢനിശ്ചയവും പ്രാർത്ഥനയും ഉണ്ടെങ്കിൽ വനിതകൾക്ക് തന്നെ അതിനു സാധിക്കുമെന്നതിൽ സംശയമില്ല. നന്മകൾ പൂത്തുലയുന്ന പുതിയൊരു ലോകത്തിനു വേണ്ടിയുള്ള സ്വപ്നങ്ങൾ നമുക്കുണ്ടാവണം. അതിനു വേണ്ടി പണിയെടുക്കാനും ആ മാർഗത്തിലുള്ള തടസ്സങ്ങളെ തട്ടി മാറ്റി മുന്നോട്ട് പോവാനും കഴിയണം. പ്രതിസന്ധികൾക്ക് മുന്നിൽ പകച്ചു നിൽക്കരുത്. പുതുവഴികൾ തെളിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കാനും സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നും അവർ കൂട്ടിച്ചേർത്തു.

മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകളുടെ വർധിച്ച പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികളും വനിതകളും അവതരിപ്പിച്ച കലാപരിപാടികൾ സമ്മേളനത്തിന് കൊഴുപ്പ് കൂട്ടി.
ഇസാൻ റിയാസും സംഘവും അവതരിപ്പിച്ച ഡാൻസ് , ഫിൽസ ഫൈസലും സംഘവുംഅവതരിപ്പിച്ച കോൽക്കളി, ഹംദയുടെയും സംഘത്തിന്റെ ഒപ്പന, ഫാത്തിമ സ്വാലിഹം സംഘവും അവതരിപ്പിച്ച ലഘുനാടകം, ഹേബ ഷകീബും സംഘവും നടത്തിയ വട്ടപ്പാട്ട് , മെഹന ഖദീജ ആന്റ് ടീമിന്റെ ദഫ് മുട്ട് , റീഹ ഫാത്തിമ അസ്ര അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഘ ഗാനങ്ങൾ എന്നീ പരിപാടികൾ ഏറെ ഹൃദ്യമായിരുന്നു. കലാപരിപാടികൾക്ക് സക്കിയ ഷമീർ , ഷബീഹ ഫൈസൽ , സോന സക്കരിയ , ഫസീല മുസ്തഫ , ഷാനി സക്കീർ, മുർശിദ സലാം എന്നിവർ പരിശീലനം നൽകി .

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡന്റ്‌ സക്കീന അബ്ബാസ്‌ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈമില നൗഫൽ സ്വാഗതവും സമ്മേളന ജനറൽ കൺവീനർ സൗദ പേരാമ്പ്ര നന്ദിയും പറഞ്ഞു. കൗസർ പ്രാർത്ഥന നടത്തി. ലൂന ഷഫീഖ് ,സലീന ജമാൽ, റഷീദ സുബൈർ, സമീറ നൗഷാദ് ,സഈദ റഫീഖ് , ഫായിസ ടീച്ചർ , വഫ ഷാഹുൽ ഹമീദ് , ലുലു ഹഖ് എന്നിവർ നേതൃത്വം നൽകി. ഷിജിന ആഷിഖ് , ലിയ അബ്ദുൽ ഹഖ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.