ഖത്തർ ലോകകപ്പിന് ‘കിക്കോഫ്’

ദോഹ ∙ ലോകത്തിനു മുമ്പിൽ ഖത്തർ കാത്തുവച്ച അദ്ഭുതങ്ങളിൽ ആദ്യത്തേതിന് ഇതൾ വിരിഞ്ഞു. ലോകകപ്പിനായി ഖത്തർ നിർമിച്ച ആദ്യ വേദിയായ ഖലീഫ സ്റ്റേഡിയം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തിനു സമർപ്പിച്ചു. വർണങ്ങൾ വാരിവിതറിയ വെള്ളിയാഴ്ചയുടെ സായാഹ്നത്തിൽ ആവേശം നിറഞ്ഞതായിരുന്നു ഉദ്ഘാടന ചടങ്ങ്.

വെടിക്കെട്ടും കലാപരിപാടികളുമായി നടന്ന ഉജ്വല ചടങ്ങിന് നിറഞ്ഞ സ്റ്റേഡിയം സാക്ഷിയായി. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുടെ സാന്നിധ്യത്തിൽ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. അമീർ കപ്പ് ഫൈനലിൽ അൽസദ്ദും റയ്യാനും തമ്മിലുള്ള മൽസരമായിരുന്നു സ്റ്റേഡിയത്തിലെ ആദ്യത്തേത്. റയ്യാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി അൽ സദ് അമീർ കപ്പ് ഫൈനലിൽ മുത്തമിട്ടു.

ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനി, ബുർക്കിന ഫാസോ പ്രസിഡന്റ് റോച്ച് മാർക്ക് കാബോർ, അമീറിന്റെ പഴ്സനൽ റപ്രസന്റേറ്റീവ് ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽതാനി, ശൂറാ കൗൺസിൽ ചെയർമാൻ മുഹമ്മദ് ബിൻ മുബാറക്ക് അൽ ഖുലൈഫി, ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് അൽതാനി, ബഹ്റൈൻ രാജാവിന്റെ കാരുണ്യ യുവജനകാര്യ പ്രതിനിധിയും ബഹ്റൈൻ ഒളിംപിക് കമ്മിറ്റി ചെയർമാനും ബഹ്റൈൻ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ, അറബ് ഫെഡറേഷൻ ഓഫ് ഫുട്ബോൾ പ്രസിഡന്റ് പ്രിൻസ് തുർക്കി ബിൻ ഖാലിദ് അൽ സഉദ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

2022 ഫിഫ ലോകകപ്പിനായി ഖലീഫ രാജ്യാന്തര സ്റ്റേഡിയം പൂർണസജ്ജമായെന്ന് അമീർ പ്രഖ്യാപിച്ചു. അമീറിന്റെ ഓരോ വാക്കുകളെയും കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. 2022 ലോകകപ്പ് ഫുട്ബോൾ കിക്കോഫ് അടയാളപ്പെടുത്തുന്ന നിമിഷത്തിൽ ഇവിടെയെത്താൻ കഴിഞ്ഞതിൽ അത്യധികമായ സന്തോഷമുണ്ടെന്ന് ഫിഫ തലവൻ ജിയാനി ഇൻഫന്റിനോ പ്രതികരിച്ചു. മനോഹരമായ സ്റ്റേഡിയമാണ് ലോകകപ്പിനായി ഖത്തർ ഒരുക്കിയിരിക്കുന്നത്. ഇവിടത്തെ തയാറെടുപ്പുകൾ വിസ്മയിപ്പിക്കുന്നു. ഇത്ര പെട്ടെന്ന് സ്റ്റേഡിയം സജ്ജമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരുക്കങ്ങൾക്കായി ഖത്തർ ഒട്ടേറെ പ്രവർത്തനങ്ങളും പരിശ്രമങ്ങളും നടത്തുന്നുണ്ട്. ഖത്തർ ഒരു ഫുട്ബോൾ രാജ്യമാണ്. ഖത്തറിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ജിയാനി ഇൻഫന്റിനോ പറഞ്ഞു. സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിലും അമീർ കപ്പ് ഫൈനലിലും പങ്കെടുക്കാൻ ജനം കൂട്ടത്തോടെ ഒഴുകിയെത്തിയത് സംഘാടകരെ പോലും അമ്പരപ്പിച്ചു.

ഒട്ടേറെപേർ ടിക്കറ്റ് കിട്ടാതെ മടങ്ങി. പരമ്പരാഗത അറബ് വസ്ത്രങ്ങളണിഞ്ഞെത്തിയ കാണികൾ സ്റ്റേഡിയത്തെ വെള്ളക്കടലാക്കി. കാണികളുടെ പിന്തുണയും പ്രോത്സാഹനവും രണ്ടു ടീമുകൾക്കും കളിക്കളത്തിൽ ആവേശം പകർന്നു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടുഗോൾ സ്‌കോർ ചെയ്ത് അൽസദ്ദ് ഒരിക്കൽകൂടി കിരീടം സ്വന്തമാക്കിയത്. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. ഇഞ്ച്വറി ടൈമിലെ ഗോളിലൂടെയാണ് സദ്ദ് കിരീടനേട്ടത്തിലേക്കെത്തിയത്.