മനാമ: ‘സുരക്ഷിതമായ മാതൃ-നവജാത ശിശു സംരക്ഷണം’ എന്ന പ്രമേയത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ലോക രോഗി സുരക്ഷാ ദിനം ആചരിച്ചു.
സുരക്ഷിതവും ആദരണീയവുമായ പ്രസവം ഉറപ്പുവരുത്താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുക എന്നതാണ് ഈ വര്‍ഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന മുദ്രവാക്യം. രോഗികളുടെ സുരക്ഷയെക്കുറിച്ച് ആഗോള അവബോധം വളര്‍ത്താനും എല്ലാ രാജ്യങ്ങളുടെയും അന്താരാഷ്ട്ര പങ്കാളികളുടെയും ഐക്യദാര്‍ഡ്യവും കൂട്ടായ്മയും ആവശ്യപ്പെടാനും ലക്ഷ്യമിട്ടാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 17 ന് ലോക രോഗി സുരക്ഷാ ദിനം ആചരിക്കുന്നത്. പ്രസവസമയത്ത് മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും സുരക്ഷിതമായ ഉപയോഗം സജീവമാക്കാനും സുസ്ഥിര നടപടികള്‍ കൈക്കൊള്ളാനും ഈ വര്‍ഷത്തെ പ്രമേയവും മുദ്രവാക്യവും ലക്ഷ്യമിടുന്നു.
കോവിഡ് മുന്‍കരുതലുകള്‍ പാലിച്ച് ഷിഫയില്‍ നടന്ന പരിപാടിയില്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ് അധ്യക്ഷനായി. രോഗികളുടെ സുരക്ഷയാണ് ആരോഗ്യ സേവനത്തിന്റെ അടിസ്ഥാന ശിലയെന്ന് അദ്ദേഹം പറഞ്ഞു. ലോകം കോവിഡ്-19 മഹാമാരിയെ നേരിടുന്ന പാശ്ചാത്തലത്തില്‍ ഇത്തവണ രോഗി സുരക്ഷാ ദിനാചരണമെന്ന് വലിയ പ്രസ്‌കതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്മയുടെയും നവജാതശിശുവിന്റെയും സുരക്ഷയെക്കുറിച്ചുള്ള ആഗോള അവബോധം ഉയര്‍ത്തുകയും സുരക്ഷിതമായ മാതൃ നവജാതശിശു പരിചരണം ഉറപ്പാക്കുകയുമാണ് ഈ വര്‍ഷം ദിനാചരണം മുഖ്യമായും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷിഫ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യന്‍ ഡോ. കുഞ്ഞിമൂസ സ്വാഗതം പറഞ്ഞു. സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. അലീമ, സ്‌പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യന്‍ ഡോ. സമീര്‍ ഉല്ലാസ് എന്നിവരും പങ്കെടുത്തു.
കേക്ക് മുറിക്കുകയും പങ്കെടുത്ത അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ചടങ്ങില്‍ ക്വാളറ്റി ആന്റ് പേഷ്യന്റ് സേഫ്റ്റി സ്‌പെഷ്യലിസ്റ്റ് ആന്‍സി അച്ചന്‍കുഞ്ഞ് നന്ദി പറഞ്ഞു. ഷാസിയ സര്‍ഫറാസ് ഖാന്‍ അവതാരികയായി.