കണ്ണൂർ :കണ്ണൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു. കൊറ്റാളി സ്വദേശി സാജൻ പാറയിൽ ആണ് മരിച്ചത്. സാജന്റ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിന് ആന്തൂർ നഗരസഭ പ്രവർത്തനാനുമതി നൽകാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ. എന്നാൽ അനുമതി നിഷേധിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണം.20 വർഷത്തോളമായി നൈജീരിയയിൽ ബിസിനസ് ചെയ്യുന്ന കണ്ണൂർ സ്വദേശി സാജൻ പാറയിലിനെ കൊറ്റാളി അരേമ്പത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സാജൻ പതിനഞ്ച് കോടി രൂപ ചെലവഴിച്ച് ആന്തൂരിൽ നിർമ്മിച്ച പാർത്ഥ കൺവെൻഷൻ സെന്റർ എന്ന ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി ലഭിക്കാൻ നഗരസഭയെ സമീപിച്ചിരുന്നു. എന്നാൽ അപേക്ഷ നൽകി നാല് മാസമായിട്ടും അനുമതി ലഭിക്കാത്തതുകൊണ്ടുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.ടൗൺ പ്ലാനിഗ് ഓഫീസറും കെട്ടിടത്തിന് അനുമതി നൽകിയിരുന്നു. പ്രവർത്തനാനുമതിക്കായി പലതവണ നഗരസഭാ ചെയർപേഴ്‌സണെ സമീപിച്ചിട്ടും അനുമതി നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ അനുമതി നിഷേധിച്ചിട്ടില്ലെന്നും നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും നഗരസഭ വ്യക്തമാക്കി.