ദുബായ് : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ട ഒരുകോടി ഭക്ഷണപ്പൊതി ക്യാംപെയിന് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. രണ്ടുകോടിയിലേറെ രൂപയാണ് അദ്ദേഹം ഇതിനായി നൽകിയത്. റമസാനിൽ 10 ദശലക്ഷം പേർക്ക് ഭക്ഷണം പാർസലായി എത്തിക്കാനുള്ള ക്യാംപെയിനാണ് ദുബായിൽ നടക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ഭക്ഷണ വിതരണ-ജീവകാരുണ്യ പദ്ധതിയാണ് കോവിഡ് പ്രതിസന്ധി സമയത്തെ ഇൗ തീരുമാനം. ലുലുവിന്റെ സംഭാവന കൊണ്ട് ഒന്നേകാൽ ലക്ഷം പേർക്കുള്ള ഭക്ഷണം ഒരുക്കുമെന്നാണ് സൂചന. അതിസങ്കീർണമായ ഇൗ ഘട്ടത്തിൽ നമ്മുടെ സഹജീവികൾക്കായി ചെയ്യാവുന്ന ഏറ്റവും ലളിതമായ കാര്യമാണ് ഒരുകോടി ഭക്ഷണ പദ്ധതിക്കായുള്ള പിന്തുണയെന്ന് യൂസുഫലി പറഞ്ഞു. ഇത്തിസലാത്ത്, ഡു ഫോൺ നമ്പറുകളിൽ നിന്ന് 1034 എന്ന നമ്പറിലേക്ക് meal എന്ന് എസ്.എം.എസ് അയച്ചാൽ ഒരു ആഹാരത്തിനുള്ള വിഹിതമായ എട്ടു ദിർഹം സംഭാവന നൽകാൻ കഴിയും. അഞ്ച് ഭക്ഷണപ്പൊതികൾക്കുള്ള തുക നൽകാൻ ആഗ്രഹിക്കുന്നവർക്ക് 1035, 10 ഭക്ഷണം നൽകാൻ 1036, 20 ഭക്ഷണം നൽകാൻ 1037, 50 ഭക്ഷണപ്പൊതി നൽകാൻ 1038 എന്നീ നമ്പറുകളിലേക്ക് സന്ദേശം അയക്കാം. ഒരു പൊതിക്ക് എട്ട് ദിർഹം എന്ന നിരക്കിൽ നിങ്ങളുടെ ഫോൺ ബാലൻസിൽ നിന്ന് അല്ലെങ്കിൽ ഫോൺ ബില്ലിൽ നിന്ന് തുക ഇൗടാക്കും. ഇതിനു പുറമെ ഭക്ഷണപ്പൊതികളും സാമഗ്രികളും നൽകാൻ ആഗ്രഹിക്കുന്നവർക്ക് 8004006 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം.