18 വയസ്സില്‍ ജയിലില്‍, 17 വര്‍ഷം തടവ്, ഇപ്പോള്‍ ജയില്‍മോചിത, പുറത്തിറങ്ങിയത് ചമ്പലിനെ വിറപ്പിച്ച കൊള്ളക്കാരി

ദില്ലി. കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോയി പണം തട്ടല്‍, കവര്‍ച്ച. 35 വയസ്സുകാരിയായ യുപിയിലെ അജിത്മല്‍ കോടോവാലി സ്വദേശി സരള ജാദവിനെതിരെയുള്ള കുറ്റങ്ങളാണിവ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചമ്പല്‍ക്കാടുകളെ വിറപ്പിച്ച ഈ കൊള്ളക്കാരി കഴിഞ്ഞ ദിവസം ജയില്‍ മോചിതയായി. 18-ാം വയസ്സില്‍ തടവറക്കുള്ളിലായ സരള 17 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് മോചിതയായത്.

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന ചമ്പല്‍ക്കാടുകള്‍ ഒരു കാലത്ത് എന്തിനും പോന്ന കൊള്ളസംഘങ്ങളുടെ താവളമായിരുന്നു. നിരവധി കൊള്ളസംഘങ്ങള്‍. കൊള്ളയും കൊലയും കവര്‍ച്ചയുമായി കളം നിറഞ്ഞുനിന്ന കൊള്ളക്കാര്‍. ഫൂലന്‍ദേവിയെപ്പോലെ ഒരു കാലത്ത് ചമ്പല്‍ താഴ്‌വരയെ വിറപ്പിച്ച കൊള്ളക്കാരിയാണ് ഇന്നലെ മോചിതയായത്. ഇറ്റാവ ജയില്‍ കഴിഞ്ഞിരുന്ന സരളയെ അലഹബാദ് ഹൈക്കോടതിയുടെ വിധിയെ തുടര്‍ന്നാണ് മോചിപ്പിച്ചത്. ചമ്പല്‍ താഴ്‌വര അടക്കി വാണ നിര്‍ഭയ് ഗുജ്ജാറിന്റെ വളര്‍ത്തുമകന്റെ ഭാര്യയായിരുന്നു സരള.

പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഏറ്റുമുട്ടലില്‍ വധിച്ച നിര്‍ഭയ് ഗുജ്ജാറിന്റെ, വളര്‍ത്തു മകന്‍ ശ്യാം ജാദവിന്റെ ഭാര്യയായിരുന്നു സരള. ഇവരുടെ ഭര്‍ത്താവ് ശ്യാം ഇപ്പോഴും ഇറ്റാവ ജയിലില്‍ കഴിയുകയാണ്. ഇവരുടെ സഹോദരന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി സരളാ ജാദവിനെ ജയിലില്‍നിന്നും മോചിപ്പിച്ചത്. 2005-ല്‍ പണം തട്ടാന്‍ വേണ്ടി ആറു ധനിക കര്‍ഷകരെ റതട്ടിക്കൊണ്ടുപോയ കേസിലാണ് ഇവര്‍ ജയിലിലായത്. അറസ്റ്റില്‍നിന്നും രക്ഷപ്പെടാന്‍ മുബൈയിലേക്ക് വണ്ടി കയറാന്‍ നില്‍ക്കവെ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന്, കോടതി 18-ാം വയസ്സില്‍ ഇവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അതിനു ശേഷം 2005 സെപ്തംബര്‍ മുതല്‍ ഇവര്‍ ജയിലില്‍ കഴിയുകയായിരുന്നു.

ജയില്‍ മോചിതയായ സരള സഹോദരനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സ്വദേശത്തേക്ക് തിരിച്ചു. ജയിലിനു പുറത്തു കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ സരള തയ്യാറായില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമയെ തോല്‍പ്പിക്കുന്ന ജീവിതകഥയാണ് സരളയുടേത്. ആ കഥ അറിയണമെങ്കില്‍, ചമ്പല്‍ കാടുകളില്‍ രാജാവായി വാണ നിര്‍ഭയ് ഗുജ്ജറിനെ കുറിച്ച് അറിയണം. എന്തിനും സജ്ജമായ കൊള്ളസംഘത്തിനൊപ്പം ചമ്പല്‍ താഴ്‌വര അടക്കിഭരിച്ച നിര്‍ഭയ് ഗുജ്ജാറിന്റെ ഭാര്യയായിരുന്നു ബസന്തി. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഒരു ദിവസം അവര്‍ കൊള്ള സംഘത്തില്‍നിന്നും ഒളിച്ചോടി. ഇവര്‍ക്കു വേണ്ടി വര്‍ഷങ്ങളായി നിര്‍ഭയ് ഗുജ്ജാര്‍ തിരച്ചില്‍ നടത്തി. 1999-ല്‍ നിര്‍ഭയിന്റെ സംഘം ബസന്തിയെ കണ്ടെത്തി. അവരെയും സഹോദരനെയും കൊള്ളസംഘം കൊല ചെയ്തു.

ബസന്തിയുടെ സഹോദരിയുടെ മകളായിരുന്നു സരള. 11 വയസ്സായിരുന്നു ആ കുട്ടിക്ക് അന്ന്. നിര്‍ഭയ് ഗുജ്ജാര്‍ കുട്ടിയെ തട്ടിയെടുത്തു. പിതാവ് എതിര്‍ക്കാന്‍ നോക്കിയെങ്കിലും അയാളെ കൊല ചെയ്താണ് നിര്‍ഭയ് സരളയെ കൊണ്ടുപോയത്. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം നിര്‍ഭയ് ഗുജ്ജാറിന്റെ വളര്‍ത്തുമകന്‍ ശ്യാം സരളയെ വിവാഹം ചെയ്തു.

വൈകാതെ നിര്‍ഭയ് ഗുജ്ജാറിന്റെ വിശ്വസ്ഥയായി മാറിയ സരള കൊള്ളസംഘത്തിന്റെ തലപ്പത്തേക്ക് ഉയര്‍ന്നുവന്നു. ബ്രാന്‍ഡഡ് വസ്ത്രങ്ങളും ജീന്‍സും ടീ ഷര്‍ട്ടും ധരിക്കാന്‍ ഇഷ്ടപ്പെട്ട സരള കൊള്ളസംഘത്തിലെ ഗ്ലാമര്‍ താരമായിരുന്നു. ഭര്‍ത്താവിനൊപ്പം കൊള്ളയും കൊലയും നടത്തി സൈ്വര്യമായി വിഹരിച്ച സരള കുടുങ്ങിയത് ചമ്പല്‍ കാടുകളില്‍ നടന്ന പൊലീസ് ഓപ്പറേഷനെ തുടര്‍ന്നാണ്. പ്രത്യേക ദൗത്യ സംഘം നടത്തിയ ആ്രകമണത്തില്‍ നിര്‍ഭയ് ഗുജ്ജാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് സംഘത്തെ നയിച്ചത് സരളയും ശ്യാമും ആയിരുന്നു. അതിനിടെ, ചമ്പലിലെ കൊള്ള സംഘങ്ങളെ ഒതുക്കാന്‍ പൊലീസ് ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തി. അതിനിടയിലാണ്, ഔറയിയ ജില്ലയിലെ അനയ്യാ പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ആറു കര്‍ഷകരെ പണം തട്ടുന്നതിനായി തട്ടിക്കൊണ്ടുവന്ന കേസില്‍ സരള അറസ്റ്റിലായത്. മുംബൈയിലേക്ക് രക്ഷപ്പെടാന്‍ ശ്യാമുമൊത്ത് ഒരു റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് പൊലീസ് സരളയെ അറസ്റ്റ് ചെയ്തത്.

കൊള്ള സംഘത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന സരള നിരവധി കേസുകളില്‍ പ്രതിയായിരുന്നു. സഹസാന്‍ പൊലീസ് സ്‌റ്റേഷന്‍ പ്രദേശത്ത് ഒരു പൊലീസ് സംഘത്തെ സരളയും കൂട്ടരും ആക്രമിച്ചിരുന്നു. അതിനിടെ, ഒരു കട ഉടമയെ സംഘം വെടിവെച്ചുകൊന്നു. ഇറ്റാവയിലെ ആറു ധനിക കര്‍ഷകരെ പണം തട്ടുന്നതിനായി സരളയും സംഘവും തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ്, സരളയ്ക്കു വേണ്ടിയുള്ള തെരച്ചില്‍ നടന്നതും അവര്‍ പിടിയിലായതും.