ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിക്കുള്ളിൽ ഉപേക്ഷിച്ച നിലയിൽ

ഷാർജ: ഷാർജയിൽ മുസ്ലീം പള്ളിക്കുള്ളിൽ ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ള തുണിയിൽ പൊതിഞ്ഞ നിലയിൽ ഇമാമാണ് പള്ളിക്കുള്ളിൽ കുഞ്ഞിനെ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി കുഞ്ഞിനെ ദഹിത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഷാർജ സോഷ്യൽ സർവീസ് അഫിലിയേറ്റ് ചെയ്ത ചൈൽഡ് പ്രൊട്ടക്ഷൻ സെന്റർ ഏറ്റെടുക്കുന്നതുവരെ ഒരാഴ്ചത്തേയ്ക്ക് ആശുപത്രി അധികൃതർ കുഞ്ഞിന് സംരക്ഷണം നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഒരു വർഷത്തിനിടെ ഷാർജയിലെ പള്ളിയിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ രണ്ടാമത്തെ കുഞ്ഞാണിത്.