പുനലൂർ: പുനലൂർ നഗര മദ്ധ്യത്തിൽ ഭൂമി വാങ്ങി കോടികൾ ചെലവഴിച്ച് പുതിയ വ്യവസായ സംരംഭം ആരംഭിക്കാനിരിക്കെ പ്രദേശവാസികളിൽ ചിലർ തടസവാദങ്ങൾ ഉന്നയിച്ചതിൽ മനം മടുത്ത പ്രവാസി മടങ്ങുന്നു. കാഞ്ഞിരമല സ്വദേശിയും പ്രവാസിയുമായ എസ്.പി.സുരേഷ് കുമാറാണ് 85 കോടി രൂപ മുടക്കി പുതിയ വ്യവസായ സംരംഭം ആരംഭിക്കാൻ ശ്രമിച്ചിട്ട് പിൻ മാറുന്നത്. ഇതിനായുള്ള പ്രോജക്ട് തയ്യാറാക്കി മുന്നോട്ട് പോകുന്നതിനിടെ ഭൂമിയിൽ അനധികൃത കയ്യേറ്റമുണ്ടെന്ന പരാതിയിൽ റവന്യൂ വകുപ്പ് പണികൾ നിറുത്തി വയ്പ്പിച്ചെന്ന് പുനലൂർ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ്ഹൗസിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ സുരേഷ് കുമാർ പറഞ്ഞു. നിർമ്മാണം നിറുത്തി വയ്പ്പിച്ചതിനെതിരെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വർഷങ്ങളായി നിരവധി പേർ കൈമാറിയ ഭൂമിയാണ് താൻ ഇപ്പോൾ വിലക്ക് വാങ്ങിയത്. അന്ന് ആർക്കും ഇല്ലായിരുന്ന തർക്കങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നത്. പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന്റെ പിന്നിൽ മറ്റാരോ ഉണ്ടെന്ന് സംശയിക്കുന്നു. 70 വർഷം മുമ്പ് നിർമ്മിച്ച ചുറ്റുമതിലാണ് ഭൂമിക്കും ചുറ്റുമുള്ളത്. ഇതിനുള്ളിൽ 52 വർഷം പഴക്കമുള്ള കെട്ടിടങ്ങളുമുണ്ട്. അതിലെവിടെയാണ് കയ്യേറ്റമെന്ന് അറിയില്ല. പട്ടണത്തിന്റെ വളർച്ചയെ എതിർക്കുന്നവരാണ്പരാതികൾക്ക് പിന്നിൽ. 30 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തി ഒരു പുതിയ വ്യവസായ സംരംഭം ആരംഭിക്കാൻ ശ്രമിച്ചപ്പോഴാണ് തടസങ്ങൾ. ഇവിടെ ഒരു വ്യവസായവും തുടങ്ങാൻ സമ്മതിക്കില്ലെന്നും ആ നിരാശയിലാണ് മടക്കമെന്നും സുരേഷ്കുമാർ പറഞ്ഞു.