സൗദിയിൽ പുറത്തിറങ്ങാൻ ഏകീകൃത പാസ്‌ ; ചൊവ്വാഴ്ച മുതൽ

റിയാദ്‌ : കോവിഡ്‌ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങാൻ ഇളവുള്ളവർക്ക്‌ രാജ്യത്ത്‌ ഏകീകൃത അനുമതി പത്രം നടപ്പാക്കി സൗദി അഭ്യന്തര മന്ത്രാലയം. ഏപ്രിൽ 21 ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മുതൽ ഇത്‌ രാജ്യത്താകെ നിലവിൽ വരും. കർഫ്യു സമയങ്ങളിലെ യാത്രയ്ക്ക്‌ കമ്പനി കത്തുകളോ ചേമ്പർ റജിസ്റ്റർ ചെയ്ത രേഖകളോ ഇനി മതിയാകില്ല.അവശ്യ സാധനങ്ങൾ, സുപ്രധാന മേഖലകൾ എന്നിക്ക്‌ ലഭിക്കുന്ന കർഫ്യു ഇളവുകൾ ഉപയോഗപ്പെടുത്തുന്നതിന്‌ രാജ്യത്താകെ നടപ്പിലാക്കുന്ന പൊതു അനുമതി പത്രം ആവശ്യമാകും. പുറത്തിറങ്ങുന്നത്‌ കർശനമായി നിയന്ത്രിക്കുന്നതിനും ആവശ്യക്കാരെ ശരിയായി തിരിച്ചറിയുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്തുമാണ്‌ പുതിയ രീതിയെന്ന് അധികൃതർ അറിയിച്ചു.വിവിധ ഘട്ടങ്ങളിലായി റിയാദ്, മക്ക, മദീന എന്നിവിടങ്ങളിലാണ്‌ നേരത്തേ ഏകീകൃത പാസ്‌ നടപ്പാക്കിയിരുന്നത്‌. ഈ രീതിയാണ്‌ രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നത്‌. ഇതോടെ നിലവിൽ ഉപയോഗിക്കുന്ന അനുമതി പത്രങ്ങൾക്ക്‌ സാധുതയുണ്ടാകില്ല. അതാത്‌ മേഖലകളിലെ പ്രാദേശിക സർക്കാർ വകുപ്പുകളുടെ ഓൺലൈൻ പോർട്ടൽ മുഖേനയാണ്‌ അനുമതി പത്രം സമ്പാദിക്കേണ്ടത്‌.