റമദാന് മുന്നോടിയായി , മാംസലഭ്യത ഉറപ്പാക്കി മന്ത്രാലയം

ദോഹ: പരിശുദ്ധ റമദാൻ വിളിപ്പാടകലെ എത്തിയിരിക്കെ പ്രാദേശിക വിപണിയിലെ ആവശ്യത്തിനനുസരിച്ച് ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാൻ വൻനടപടികൾ. മാംസ വിതരണം ഉറപ്പാക്കാൻ ഊർജിത നടപടികളുമായി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയവും വിദാം ഫുഡ് കമ്പനിയും കൈകോർക്കുന്നു. റമദാനിലും ബലിപെരുന്നാൾ ദിവസങ്ങളിലും പ്രാദേശിക ഫാമുകളിൽ നിന്നും ചെമ്മരിയാടുകളെ വിൽക്കാൻ മന്ത്രാലയത്തിന് കീഴിലെ അനിമൽ വെൽത്ത് വകുപ്പ് ദേശീയ സംരംഭം ആരംഭിച്ചിട്ടുണ്ട്. ചെമ്മരിയാടുകളുടെ പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതാണ് ലക്‌ഷ്യം. പ്രാദേശിക കാലി ഫാമുകൾക്ക് ആവശ്യമായ പിന്തുണയും കാലികളുടെ വിപണനവും ലക്ഷ്യം വെച്ചുള്ള ദേശീയ പദ്ധതിക്ക് കഴിഞ്ഞ വർഷമാണ് മന്ത്രാലയം തുടക്കം കുറിച്ചത്. പദ്ധതിയിൽ അംഗത്വമെടുത്തവർക്ക്​ അൽ അവാസി, സിറിയൻ, അൽ നജ്ദി, അൽ ഹരി, അറബി ഇനങ്ങളിലുള്ള ചെമ്മരിയാടുകളെ മന്ത്രാലയം ലഭ്യമാക്കും.