നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് വിഷു

ആർട്ടിക്കിൾ : ജമാൽ ഇരിങ്ങൽ

ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം സമാഗതമായി. ഐതിഹ്യങ്ങളുടെ താളിയോലകളും പഴമയുടെ വിശുദ്ധിയും വിഷുവിന്റെ മേമ്പൊടിയാണ്. തൊടിയിലും പാടവരമ്പിലും ഇടവഴികളിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങൾ ഉയരുകയായി. വിഷുപ്പക്ഷിയുടെ പാട്ടിന്റെയും പുള്ളുവപ്പാട്ടിന്റെയും ഈരടികൾ കാതുകളിൽ സ്വരമാധുരിയായി പെയ്തിറങ്ങുകയാണ്. പൂത്തിരിയുടെയും മത്താപ്പിന്റെയും വർണശോഭയും മാലപ്പടക്കങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളും അന്തരീക്ഷത്തിലെങ്ങും ഉയർന്നുകേൾക്കാം. ഐശ്യര്യത്തിന്റെയും സമ്പത്സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. ചുട്ടുപൊള്ളുന്ന മീനച്ചൂടിന്റെ നീറ്റലിനു ആശ്വാസമായി എത്തുന്ന വേനൽമഴയുടെ അകമ്പടിയോടെയാണ് ഓരോ വിഷുവും നമ്മിലേക്ക് കടന്നു വരുന്നത്. പുതുമഴ വീണ് കുതിരുന്ന മണ്ണിന്റെ മാദകഗന്ധം മനസിലും സ്നേഹത്തിന്റെ കുളിർമഴ പെയ്യിക്കുന്നു.

മേടമാസത്തിലെ ഭൂമിയുടെ ആടയാഭരണങ്ങളിൽ ഏറ്റവും തിളക്കമാർന്നത് കർണികാരമാണ്. ത്യാഗത്തിന്റെയും പരിശുദ്ധിയുടെയും പ്രതീകമാണ് പീതവർണം. പുതുവർഷത്തിൽ കണികാണാൻ കൊന്നപ്പൂവ് കടന്നുവരുന്നതിന്റെ യുക്തിയും ഇത് തന്നെയാണ്.

കല്യാണമന്ത്രം പൊഴിക്കുന്ന വര്‍ണ്ണം
കളകളം പാടിക്കുണുങ്ങുന്ന വര്‍ണ്ണം
താനേമയങ്ങിത്തിളങ്ങുന്ന വര്‍ണ്ണം
വേറുള്ളതെല്ലാം തിളക്കുന്ന വര്‍ണ്ണം
ആ വര്‍ണ്ണരേണുക്കള്‍ മിന്നിത്തിളങ്ങുന്നൊ-
രെന്‍മേനി പൊന്‍മേനി പൂമേനിയല്ലേ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ

എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ (അയ്യപ്പ പണിക്കർ – പൂക്കാതിരിക്കാനെനിക്കാവതില്ലേ)

വിശുദ്ധമായ ഒരു പ്രകൃതിബോധത്തിന്റെ സംസ്‌കാരം കൂടിയാണ് വിഷു മുന്നോട്ട് വെക്കുന്നത്. പ്രപഞ്ചത്തെയും പ്രകൃതിയെയും ചേർത്തുപിടിക്കുക എന്നതാണത്. പ്രകൃതിയെയും പരിസ്ഥിതിയെയും തകർത്തുകളയാതെ വരാനിരിക്കുന്ന തലമുറക്കും കൂടി ഇതിന്റെ നന്മകളെ ബാക്കി വെക്കേണ്ടതുണ്ട്. നമ്മുടെ മഹത്തായ കാർഷികപാരമ്പര്യത്തിലൂടെയാണ് ഇത് സാധ്യമാവുക. നമുക്ക് കൈമോശം വന്നുപോയ കാർഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കാനുള്ള പ്രചോദനം കൂടിയാവണം വിഷു. സമ്പന്നമായ നമ്മുടെ കാർഷിക പാരമ്പര്യം നമുക്ക് ഇന്ന് നഷ്ടപ്പെട്ടു പോയിരിക്കുകയാണ്. മലയാളിയുടെ അടിസ്ഥാന ശീലങ്ങളിൽ ഒന്നായിരുന്നു കാർഷികവൃത്തി എന്നത്. നമുക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ പാടത്തും പറമ്പിലും നട്ട് നനച്ചുണ്ടാക്കുന്നതായിരുന്നു പഴയ തലമുറയുടെ രീതി. ഇന്ന് അടുക്കളമുറ്റത്ത് പോലും പേരിനെങ്കിലും എന്തെങ്കിലും നനച്ചുണ്ടാക്കുന്നത് അപൂർവമായ കാഴ്ചച്ചകൾ ആണ്. പ്രാഞ്ചിയേട്ടന്മാരായ ചില പുത്തൻ പണക്കാരുടെ പൊങ്ങച്ചത്തിന്റെയും ആർഭാടത്തിന്റെയും ദുർമേദസ് കളയാൻ വേണ്ടി ടെറസിലും മുറ്റത്തും ഉണ്ടാക്കുന്ന കൃഷികൾ മാത്രമാണ് ഇതിനപവാദം. സമൂഹമധ്യേ കർഷകനെയും കാർഷിക സംസ്‌കാരത്തെയും കേന്ദ്രസ്ഥാനത്ത് നിർത്തുന്നു എന്നതാണ് വിഷുവിന്റെ പ്രത്യേകത. നമ്മുടെ രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതൽ വിവേചനം അനുഭവിക്കുകയും നീതിനിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗമായി നമ്മുടെ കാർഷികസമൂഹം മാറിയിരിക്കുന്നു. അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാവുന്ന നിരന്തരമായ അവഗണന മൂലം തങ്ങൾ പാരമ്പര്യമായി ചെയ്തുകൊണ്ടിരിക്കുന്ന കൃഷി ഒഴിവാക്കിയിരിക്കുകയാണ് മിക്ക കർഷകരും. ജീവിതായോധനത്തിന് വേണ്ടി മറ്റു മാർഗങ്ങൾ തേടി പലരും കളം വിട്ടൊഴിഞ്ഞു. ഭരകൂടത്തിന്റെ ഭാഗത്തു നിന്നുള്ള അവകാശനിഷേധങ്ങൾ കാരണം പിടിച്ചു നിൽക്കാൻ സാധിക്കാതെ പലരും ആത്മഹത്യയിലേക്ക് അഭയം പ്രാപിക്കുന്നത് ഇന്ന് തുടർക്കഥയാണ്.

വിഷു നമുക്ക് വർഷാരംഭം മാത്രമല്ല, തിന്മയുടെ മേൽ നന്മ നേടിയ വിജയദിനം കൂടിയാണ്. ഇരുട്ടിന്റെ മേലുള്ള വെളിച്ചത്തിന്റെ വിജയാഘോഷം. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഭഗവാന്‍ മഹാവിഷ്ണുവിന്റെ രണ്ട് അവതാരങ്ങളുടെ ഐതിഹ്യവുമായി വിഷു ബന്ധപ്പെട്ടുകിടക്കുന്നു. നരകാസുരനെ വധിച്ച ശ്രീകൃഷ്ണന്റെ വിജയവും രാവണനെ വധിച്ച ശ്രീരാമന്റെ വിജയവും ജനങ്ങള്‍ ആഘോഷിച്ചതിന്റെ ഓർമ്മ പുതുക്കലും കൂടിയാണ് വിഷു. ഈ രണ്ടു ഐതിഹ്യങ്ങളും തിന്മകൾക്കെതിരെ പോരാടാനുള്ള ആഹ്വാനമാണ് സമൂഹത്തിനു പകർന്നു നൽകുന്നത്. അരാഷ്ട്രീയതയും നിസംഗതയുയും കൈവെടിഞ്ഞു അനീതിക്കെതിരെയും നീതിനിഷേധത്തിനെതിരെയും ശക്തമായി പ്രതികരിക്കാൻ വിഷു നമ്മെ ഉത്തേജിപ്പിക്കുന്നു.

വംശീയതയും വർഗീയതയും അതിന്റെ സകല സീമകളും ലംഘിച്ചു മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. സംഘപരിവാർ വംശീയതയുടെ പ്രത്യയശാസ്ത്രമാണ് മുന്നോട്ട് വെക്കുന്നത്. ജന്മം കൊണ്ട് ഞങ്ങൾ മാത്രമാണ് ശ്രേഷ്ഠർ എന്നാണ് അവരുടെ നിലപാട്. തങ്ങളെല്ലാത്തവരെല്ലാം അധമന്മാരും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെടേണ്ടവരാണെന്നുമാണ് അവരുടെ നിലപാട്. ഇതിലൂടെ രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുക എന്നതാണ് അവരുടെ രീതി. വംശീയതയുടെ ലോക ക്രമത്തിനെതിരെ സാഹോദര്യത്തിന്റെ മറ്റൊരു ലോകക്രമത്തെ പ്രചരിപ്പിക്കുകയും പ്രതിനിധീകരിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുക എന്നതാണ് ഓരോ കേരളീയന്റേയും ഉത്തരവാദിത്തം. സാഹോദര്യത്തിലധിഷ്ഠിതമായ സാമൂഹിക ക്രമത്തിന് വേണ്ടി പരിശ്രമിക്കുമ്പോഴാണ് വിഷുവെന്ന ആഘോഷം അർത്ഥപൂർണമാവുന്നത്. എല്ലാ വിഭാഗം ജനങ്ങളും സ്നേഹത്തിലും സാഹോദര്യത്തിലും ജീവിക്കുന്ന സമത്വ സുന്ദരമായ ഒരു പുതുലോകത്തിന്റെ നിർമിതിക്കായി നമുക്കൊന്നായി പോരാടാൻ വിഷു പ്രചോദനമാവേണ്ടതുണ്ട്. നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും കൂടിയാണ് വിഷു. ശുഭകരവും സുന്ദരവുമായ ഭാവിയെ ആഗ്രഹിക്കുന്ന മനുഷ്യന്റെ മനസ്സിൽ ഉദിച്ച ആശയമായിരിക്കാം കണി വെക്കലും അത് കാണുക എന്നതും. കണിയിൽ വെക്കുന്ന ദ്രവ്യങ്ങൾക്കും ചിഹ്നങ്ങൾക്കും മനുഷ്യന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് അവൻ വിചാരിക്കുന്നു.

കനകക്കണിക്കൊന്നയായിച്ചിരിച്ചെന്റെ
കവിളത്തു കനിവിന്റെ മുദ്രചാര്‍ത്തും
അതിദൂരസൂര്യന്റെ ഹൃദയം കടഞ്ഞെടു-
ത്തൊരു വെള്ളിയെന്‍ കുഞ്ഞുകൈയില്‍ വെയ്ക്കും
ഒരു വത്സരത്തിന്റെ കൈനീട്ടമൊരുനാളില്‍
ഇനിവരാമെന്ന് പറഞ്ഞുപോവും
(വി.മധുസൂദനൻ നായർ – മൂന്ന് വിഷുമുഖങ്ങള്‍).