മസ്കറ്റ് : പ്ലാസ്റ്റിക്കുകളുടെ പ്രതലങ്ങളിൽ 48 മുതൽ 72 മണിക്കൂർ വരെ കൊറോണ വൈറസ് ജീവൻ നിലനിർത്താൻ സാധ്യതയുള്ളതിനാൽ , പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കണമെന്ന് ഒമാൻ പരിസ്ഥിതി കാലാവസ്ഥാകാര്യ മന്ത്രാലയം അറിയിച്ചു.ഷോപ്പിങ്ങിന് പോകുന്നവർ പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കി പകരം പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കണമെന്ന് നിർദേശം. ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഒാഫ് മെഡിസിന്റെ പഠനറിപ്പോർട്ട് മുൻനിർത്തിയാണ് മന്ത്രാലയത്തിന്റെ നിർദേശം. പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കുന്നവർ അവ തുടർച്ചയായി രോഗാണുമുക്തമാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു. ചെറു വായുകണികകളിൽ (എയ്റോസോൾസ്) ഈ വൈറസ് മൂന്നുമണിക്കൂറോളം അതിജീവിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. ചെമ്പിൽ നാലുമണിക്കൂർ വരെയും കാർഡ്ബോർഡിൽ 24 മണിക്കൂർ വരെയും വൈറസ് തങ്ങിനിൽക്കുന്നുണ്ട്. സ്റ്റീൽ, ഗ്ലാസ് പ്രതലങ്ങളിലും 48 മുതൽ 72 മണിക്കൂർ വൈറസ് ജീവനോടെ നിലനിൽക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു . നിരവധി തവണ ഉപയോഗിക്കാൻ കഴിയുന്ന ബാഗുകൾ തുണി, പേപ്പർ, മറ്റു വസ്തുക്കൾ എന്നിവകൊണ്ട് ഉണ്ടാക്കുന്നവയാണ്. കട്ടിയുള്ള പ്ലാസ്റ്റിക് കൊണ്ടും ഇത്തരം ബാഗുകൾ നിർമിക്കാറുണ്ട്. ഇവ 100 തവണ വരെയെങ്കിലും ഉപയോഗിക്കാം. അടുത്തവർഷം ജനുവരി ഒന്നുമുതൽ ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം വരുകയാണ്.