താമസ സ്ഥലങ്ങളിൽആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം

ദോഹ : തൊഴിലാളികളുടെ താമസ സമുച്ചയങ്ങളില്‍ കൃത്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള സൗകര്യങ്ങള്‍ വേണം നല്‍കാനെന്ന് തൊഴിലുടമകള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. കോവിഡ് 19 വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയത്. തൊഴിലാളികള്‍ക്കായുള്ള താമസ സമുച്ചയങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച 2014 ലെ 18-ാം നമ്പര്‍ മന്ത്രിതല തീരുമാനങ്ങള്‍ തൊഴിലുടമകള്‍ കൃത്യമായി പാലിച്ചിരിക്കണം. താമസ സമുച്ചയങ്ങളില്‍ ഒക്കുപ്പേഷണല്‍ സേഫ്റ്റി, ആരോഗ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കമ്പനി റജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. തൊഴിലാളികള്‍ക്ക് താമസ സംബന്ധമായ പരാതികള്‍ 4028 0660 എന്ന നമ്പറില്‍ അറിയിക്കാം.

തൊഴിലുടമകള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

∙ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം 16000 എന്ന കോവിഡ് 19 ഹോട്ട്‌ലൈനില്‍ വിളിച്ചറിയിക്കണം എന്നതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങളെക്കുറിച്ച് തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നല്‍കിയിരിക്കണം.
∙ കയ്യുറകള്‍, സംരക്ഷണ മാസ്‌ക്കുകള്‍, ഹാന്‍ഡ് സാനിട്ടൈസറുകള്‍ എന്നിവയെല്ലാം നിര്‍ബന്ധമായും തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കണം. താമസ സ്ഥലങ്ങളിലെ പ്രധാന ഇടങ്ങളില്‍ സാനിട്ടൈസറുകള്‍ ലഭ്യമാക്കിയിരിക്കണം.
∙ എല്ലാ തൊഴിലാളികളുടേയും ശരീര താപനില പതിവായി പരിശോധിക്കാന്‍ താമസ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തില്‍ പരിശീലനം നല്‍കിയ ജീവനക്കാരെ നിയോഗിക്കണം.
∙ ജോലിക്ക് പോകുമ്പോഴും തിരികെ എത്തുമ്പോഴും ഭക്ഷണ സമയത്തും ഉള്‍പ്പെടെ താമസ സ്ഥലത്തെ പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ സമയക്രമം ഏര്‍പ്പെടുത്തണം.
∙ താമസസ്ഥലങ്ങളിലെ പൊതു ഇടങ്ങളിലും ഭക്ഷണ മുറികളിലും സീറ്റുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം ഉണ്ടായിരിക്കണം.
∙ തൊഴിലാളികള്‍ക്ക് പുറത്ത് പോകാതെ താമസ സ്ഥലത്തിനുള്ളില്‍ തന്നെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം.
∙ ഒരു മുറിയില്‍ നാല് പേരില്‍ കൂടുതല്‍ പാടില്ല. ഓരോ കട്ടിലുകള്‍ക്കും കുറഞ്ഞത് ആറ് മീറ്റര്‍ വീതം സ്ഥലം അനുവദിക്കം.
∙ എല്ലാ മുറികളിലും മികച്ച വായുസഞ്ചാരം ഉണ്ടായിരിക്കണം. കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കി വൃത്തിയാക്കണം.
∙ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി മരുന്ന് ഉള്‍പ്പെടെയുള്ള പ്രഥമശുശ്രൂഷ കിറ്റ് തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ഉണ്ടായിരിക്കണം.
∙ താമസ സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ തൊഴിലാളികളെ നിയോഗിക്കണം. തൊഴിലാളികള്‍ താമസിക്കുന്ന ഓരോ കെട്ടിടങ്ങളിലും തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷാ കാര്യങ്ങള്‍, സൗകര്യങ്ങള്‍, അറ്റകുറ്റപ്പണി ആവശ്യമായ കാര്യങ്ങള്‍ എന്നിവ തൊഴിലുടമയെ അറിയിക്കാന്‍ സൂപ്പര്‍വൈസര്‍മാര്‍ ഉണ്ടായിരിക്കണം.