മസ്കറ്റ് : ഒമാനിൽ തിങ്കളാഴ്ച 51 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 2049 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 364 ആയിട്ടുണ്ട്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ മാത്രമാണ് വിദേശികൾ. ബാക്കി 37 പേരും സ്വദേശികളാണ്. 31 പേർ കൂടി പുതുതായി രോഗമുക്തരായിട്ടുണ്ട്. പുതിയ രോഗികളിൽ 15 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇവിടെ കോവിഡ് ബാധിതർ 1464 ആയി. രോഗമുക്തരുടെ എണ്ണം 232 ആയി ഉയരുകയും ചെയ്തു. മരിച്ച പത്തുപേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. റുസ്താഖ് പ്രദേശത്തു 16 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇബ്ര, നിസ്വ എന്നിവിടങ്ങളിൽ ആറു പേർക്ക് വീതവും സൂറിൽ അഞ്ചു പേർക്കും സോഹാറിൽ രണ്ടു പേർക്കും പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇതുവരെ ഒമാനിൽ ഒരു മലയാളി ഉൾപ്പെടെ പത്തുപേർ കോവിഡ്മൂലം മരണപ്പെടുകയും ചെയ്തു.