മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണത്തിന് ഖത്തറിൽ തുടക്കം

ദോഹ: കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണത്തിന് ഇന്ത്യന്‍ എംബസി തുടക്കമിട്ടു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാം. അതേസമയം ഇന്ത്യയിലേക്ക് എന്ന് പോകാമെന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാന പ്രകാരമായിരിക്കുമെന്നും എംബസി ട്വിറ്ററില്‍ വ്യക്തമാക്കി. പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉണ്ടായാല്‍ അക്കാര്യം ഉടന്‍ എംബസി പ്രഖ്യാപിക്കും. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ https://forms.gle/SeB52ZJymC8VR8HN8 എന്ന ലിങ്കില്‍ പ്രവേശിച്ച് റജിസ്റ്റര്‍ ചെയ്യണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ ആണെങ്കില്‍ പോലും വ്യക്തിഗതമായി തന്നെ റജിസ്റ്റര്‍ ചെയ്യണം. പേര്, പാസ്‌പോര്‍ട് നമ്പര്‍, പ്രായം, ഏതു തരം വീസയാണുള്ളത് (റസിഡന്റ് പെര്‍മിറ്റ്, ഓണ്‍ അറൈവല്‍, ടൂറിസ്റ്റ് വീസ, ബിസിനസ് വീസ, ഫാമിലി, വിസിറ്റ് വീസ) എന്നീ വിവരങ്ങള്‍ നല്‍കണം. എന്തുകൊണ്ട് ഇന്ത്യയിലേക്ക് മടങ്ങുന്നു എന്നതും വ്യക്തമാക്കണം.കുടുംബാംഗത്തിന്റെ മെഡിക്കല്‍ എമര്‍ജന്‍സി, കുടുംബാംഗങ്ങളുടെ മരണം, കുടുങ്ങി പോയ ടൂറിസ്റ്റ്/സന്ദര്‍ശകര്‍, നാടുകടത്തല്‍/പൊതുമാപ്പ്, വീസ കാലാവധി കഴിയല്‍ അല്ലെങ്കില്‍ കുടുങ്ങിപ്പോയ വിദ്യാർഥികള്‍ തുടങ്ങിയ കാരണങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരാണോ എന്നു വ്യക്തമാക്കിയിരിക്കണം.