ദുബായ് : വീട്ടുജോലിക്കാരിയായ മലയാളി യുവതിയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാള സ്വദേശി കടവിൽ ഇഖ്ബാലിന്റെ ഭാര്യ ശബ്ന (45) യെയാണ് വ്യാഴാഴ്ച ഉച്ചയോടെ ദുബായ് ഖിസൈസിലെ കണ്ണൂർ പയ്യന്നൂർ സ്വദേശിയുടെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.കണ്ണൂർ സ്വദേശിയും കുടുംബവും താമസിക്കുന്ന ഫ്ലാറ്റിൽ വീട്ടുജോലിക്കാരിയായിരുന്ന ശബ്ന മരണപ്പെടുന്നതിന് മൂന്നു ദിവസം മുൻപു കുട്ടിയെ കുളിപ്പിക്കുന്നതിനിടെ പൊള്ളലേറ്റതായാണ് വിവരം. കുട്ടിയെ കുളിപ്പിക്കാൻ വച്ച വെള്ളത്തിൽ കാൽ തെറ്റിവീണു എന്നാണ് വീട്ടുടമ ആദ്യം പറഞ്ഞത്. പിന്നീട് കുളിമുറിയിൽ ഉണ്ടായിരുന്ന എന്തോ ദ്രാവകം തലയിൽകൂടി വീണുവെന്നും പറഞ്ഞതായി ബന്ധുക്കൾ പരാതിപ്പെടുന്നു.
കോവിഡ് ലോക്ഡൗൺ മൂലം ആശുപത്രിയിൽ കൊണ്ടുപോകാൻ സാധിച്ചില്ലെന്നാണത്രെ വീട്ടുടമസ്ഥന് പറഞ്ഞത്. ആശുപത്രിയിൽ പോകാൻ ശബ്ന സമ്മതിച്ചില്ലെന്നും പറയുന്നു. എന്നാൽ ഈ വിവരങ്ങളൊന്നും ദുബായിൽ തന്നെ ജോലി ചെയ്യുന്ന ശബ്നയുടെ മകനെയോ നാട്ടിലെ ബന്ധുക്കളെയോ വിളിച്ച് അറിയിച്ചില്ല എന്ന പരാതിയുമുണ്ട്. പൊള്ളലേറ്റതിന് ശേഷം ഇവരെ കുളിപ്പിച്ചിരുന്നതു വീട്ടുകാരിയാണ്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചതിരിഞ്ഞു കുളിപ്പിക്കുന്നതിനിടെ ബാത്റൂമിൽ ഇവർ കുഴഞ്ഞുവീണതായും ഉടനെ മരണം സംഭവിച്ചതായുമാണ് വീട്ടുടമ പറയുന്നത്. ഉടൻ തന്നെ ദുബായ് ആംബുലൻസിനെ വിളിക്കുകയും ദുബായ് പൊലീസ് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
ഇതിന് ശേഷമാണ് ദുബായിലുള്ള മകനെ വിളിച്ച് വീട്ടുടമ മരണവിവരം അറിയിച്ചത്. കഴിഞ്ഞ സെപ്തംബറിൽ സന്ദർശക വീസയിൽ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയുടെ ദുബായിലെ വീട്ടിൽ എത്തിയ ശബ്ന അവിടെ കുറച്ചുനാൾ വീട്ടുജോലിക്കായി നിന്നശേഷം പയ്യന്നൂർ സ്വദേശിയുടെ വീട്ടിലേക്ക് മാറുകയായിരുന്നു. കൊച്ചി തുറമുഖത്ത് ചുമട്ടു തൊഴിലാളിയാണ് ഭർത്താവ് കടവിൽ ഇഖ്ബാൽ. ഭാരിച്ച കടബാധ്യതയുള്ള ഇവർ ഭർത്താവ് അസുഖബാധിതനായതിനെ തുടർന്ന് ദുബായിൽ വീട്ടുജോലിക്ക് വരികയായിരുന്നു. എട്ടുമാസം മുൻപ് ദുബായിലെ കഫ്റ്റീരിയയിൽ ജോലിക്കെത്തിയ മകന്റെ വരുമാനവും കുടുംബത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ അപര്യാപ്തമായിരുന്നു. അഴിക്കോട് മരപ്പാലം സ്വദേശി കടവിൽ ഇസ്ഹാഖ് സേട്ടിന്റെ മൂന്ന് പെൺമക്കളിൽ രണ്ടാമത്തെയാളാണ് ശബ്ന.
മൃതദേഹം ദുബായ് പൊലീസ് ഹെഡ്കോട്ടേഴ്സിലെ ഫോറൻസിക് വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, നോർക്ക അധികൃതർ, ഇന്ത്യൻ എംബസി, ഇന്ത്യൻ കോൺസുലേറ്റ് എന്നിവിടങ്ങളിലേക്ക് ബന്ധുക്കൾ പരാതി അയച്ചു. മരണത്തിലെ ദുരൂഹത നീക്കി മൃതദേഹം നാട്ടിൽ എത്തിക്കണം എന്നതാണ് കുടുംബത്തിന്റ ആവശ്യം. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരി, ഹംപാസ് പ്രവർത്തകർ, മാള മഹല്ല് പ്രവാസി കൂട്ടായ്മ, കേരള പ്രവാസി സംഘം എന്നിവർ ആവശ്യമായ സഹായങ്ങൾ ചെയ്തുവരുന്നു.