മസ്കറ്റ് : കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ എണ്ണ-വാതക ഉൽപാദന കമ്പനിയായ പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ(പി.ഡി.ഓ ) ഒരു ലക്ഷം ലിറ്റർ സാനിറ്റൈസർ കൂടി ഉൽപാദിപ്പിക്കും. നേരത്തെ ഇരുപതിനായിരം ലിറ്റർ സാനിറ്റൈസർ
പി.ഡി.ഒ ഉൽപാദിപ്പിച്ചിരുന്നു. ലോകം കോവിഡിനെതിരെ പോരാടുന്ന നിർണായക ഘട്ടത്തിൽ സാനിറ്റൈസർ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും ലഭ്യതക്കുറവും കണക്കിലെടുത്താണ് പി.ഡി.ഓ എന്ന ഒമാനിലെ ഏറ്റവും വലിയ എണ്ണ കമ്പനി സാനിറ്റൈസർ ഉൽപാദിപ്പിക്കാൻ തയ്യാറായത് . ഇത് ഫലം കണ്ടു എന്നുവേണം പറയാൻ.
പ്രാദേശികമായി ലഭ്യമാവുന്ന ഘടകങ്ങൾ ഉപയോഗപ്പെടുത്തി ആയിരുന്നു ലാബിൽ സാനിറ്റൈസർ ഉൽപാദിപ്പിച്ചത്. ഗുണമേന്മ പരിശോധനയിൽ ഇത് അന്താരാഷ്ട്ര നിലവാരമുള്ളവയാണെന്ന് കണ്ടെത്തിയിരുന്നു.വെറും മൂന്ന് ദിവസത്തിനുള്ളിലാണ് ആണ് ഇത് നിർമിച്ചെടുത്തത്ത്. വിജയം ഉറപ്പ് വരുത്തിയ ശേഷം പരീക്ഷണാടിസ്ഥാനത്തിൽ 20,000 ലിറ്റർ സാനിറ്റൈസർ ഉല്പാദിപ്പിച്ചിരുന്നു . ഇതിന്റെ രണ്ടാം ഘട്ടമാണ് ഒരു ലക്ഷം ലിറ്റർ സാനിറ്റൈസർ ഉത്പാദനം നടക്കുന്നത്. കൊറോണ എന്ന മഹാമാരിയെ തുരത്താൻ ഇൗ മേഖലക്ക് ആശ്വാസം പകരുന്നതെന്തും ചെയ്യൽ തങ്ങളുടെ ബാധ്യതയാണെന്ന് കമ്പനി സി.ഇ.ഒ പറഞ്ഞു. അധികൃതർ നിർദേശിച്ച എല്ലാ സുരക്ഷാ മാർഗവും നിർദ്ദേശിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .
ഖനന മേഖലകളിലെ തൊഴിലാളികൾ, കോൺട്രാക്ടർമാർ, കമ്യൂണിറ്റി സെന്ററുകൾ , ക്ലിനിക്കുകൾ തുടങ്ങിയവക്കായാണ് ഇവ വിതരണം ചെയ്തത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് അവശ്യ ആരോഗ്യ ഉപകരണങ്ങൾ വാങ്ങാനും പി.ഡി.ഒ തീരുമാനിച്ചിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒമാനിലെ മുൻനിര പെർഫ്യൂം നിർമാതാക്കളായ അൽ മൗവാജ് മസ്കത്ത് ഫാക്ടറിയിലും നിലവിൽ സാനിറ്റൈസറുകൾ ഉൽപാദിപ്പിക്കുന്നുണ്ട്.