ആരോഗ്യ നിർദേശങ്ങൾ പാലിച്ചാകണം സ്​ഥാപനങ്ങൾ പ്രവർത്തിക്കാൻ

മസ്​കറ്റ് : സുപ്രീംകമ്മിറ്റി നിർദേശപ്രകാരം പ്രവർത്തനം പുനരാരംഭിച്ച വാണിജ്യ സ്​ഥാപനങ്ങൾ ആരോഗ്യ-സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു.ഒാരോ ജീവനക്കാർക്കും മാസ്ക്, ഗ്ലൗസ്, ഹാൻഡ് സാനിറ്റയിസർ എന്നിവനൽകണം, തൊഴിലാളികൾ തമ്മിൽ ശാരീരിക അകലം പാലിക്കണം, നിലവിലെ സാഹചര്യത്തിൽ ജോലിക്കാരെ സ്​ഥാപനത്തി​ന്റെ ഒരു ശാഖയിൽ നിന്ന്​ മറ്റൊരിടത്തേക്ക്​ മാറ്റരുത്​.

ഫോൺ, ടാബ്​ലെറ്റ്​സ്​, പി. ഒ.എസ് മെഷീനുകൾ തുടങ്ങി പൊതുവായി ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റും നിശിത ഇടവേളകളിൽ രോഗാണുമുക്​തമാക്കാൻ ജീവനക്കാർക്ക്​ നിർദേശം നൽകണം. ജീവനക്കാർ ദിവസവും ജോലിക്ക്​ എത്തുമ്പോൾ ശരീര താപനില പരിശോധിക്കുകയും ചുമ, തുമ്മൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ഇല്ലെന്ന്​ ഉറപ്പാക്കുകയും വേണം. ഉപഭോക്​താക്കൾക്കും സമാന പരിശോധന നടത്തണം. രോഗ ലക്ഷണങ്ങൾ ഉള്ളവരെ അകത്തേക്ക്​ പ്രവേശിപ്പിക്കരുത്​. ഇവരെ ഏറ്റവും അടുത്ത ആരോഗ്യ സ്​ഥാപനത്തിലേക്ക്​ അയക്കണം. ജീവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിക്കുകയോ അല്ലെങ്കിൽ രോഗം സ്​ഥിരീകരിച്ചയാളുമായി സമ്പർക്കമുണ്ടാവുകയോ ചെയ്​തതായി കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട ജീവനക്കാരനെ പ്രത്യേക സ്​ഥലം സജ്ജീകരിച്ച്​ ഐസുലേഷനിലേക്ക് മാറ്റണം.

തൊഴിൽ സ്​ഥലവും തൊഴിലാളികളുടെ താമസ സ്​ഥലവും തുടർച്ചയായി ശുദ്ധീകരിച്ച്​ രോഗാണു മുക്​തമാക്കിയെന്ന്​ ഉറപ്പാക്കണം. ഉപഭോക്​താക്കളുടെ പേര്​ അടക്കം വിവരങ്ങളും സന്ദർശിച്ച സമയവും ഓരോ ദിവസം രേഖപ്പെടുത്തണം. ആളുകൾ സ്​ഥാപനത്തിൽ അധിക സമയം ചെലവഴിക്കുന്നത്​ കുറക്കാൻ ഓൺലൈൻ ​സംവിധാനം ഏർപ്പെടുത്തുന്നത്​ പരിഗണിക്കണമെന്നും അധികൃതർ നിർദേശിച്ചു.