മസ്കറ്റ് : സുപ്രീംകമ്മിറ്റി നിർദേശപ്രകാരം പ്രവർത്തനം പുനരാരംഭിച്ച വാണിജ്യ സ്ഥാപനങ്ങൾ ആരോഗ്യ-സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.ഒാരോ ജീവനക്കാർക്കും മാസ്ക്, ഗ്ലൗസ്, ഹാൻഡ് സാനിറ്റയിസർ എന്നിവനൽകണം, തൊഴിലാളികൾ തമ്മിൽ ശാരീരിക അകലം പാലിക്കണം, നിലവിലെ സാഹചര്യത്തിൽ ജോലിക്കാരെ സ്ഥാപനത്തിന്റെ ഒരു ശാഖയിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റരുത്.
ഫോൺ, ടാബ്ലെറ്റ്സ്, പി. ഒ.എസ് മെഷീനുകൾ തുടങ്ങി പൊതുവായി ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റും നിശിത ഇടവേളകളിൽ രോഗാണുമുക്തമാക്കാൻ ജീവനക്കാർക്ക് നിർദേശം നൽകണം. ജീവനക്കാർ ദിവസവും ജോലിക്ക് എത്തുമ്പോൾ ശരീര താപനില പരിശോധിക്കുകയും ചുമ, തുമ്മൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. ഉപഭോക്താക്കൾക്കും സമാന പരിശോധന നടത്തണം. രോഗ ലക്ഷണങ്ങൾ ഉള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കരുത്. ഇവരെ ഏറ്റവും അടുത്ത ആരോഗ്യ സ്ഥാപനത്തിലേക്ക് അയക്കണം. ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുകയോ അല്ലെങ്കിൽ രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കമുണ്ടാവുകയോ ചെയ്തതായി കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട ജീവനക്കാരനെ പ്രത്യേക സ്ഥലം സജ്ജീകരിച്ച് ഐസുലേഷനിലേക്ക് മാറ്റണം.
തൊഴിൽ സ്ഥലവും തൊഴിലാളികളുടെ താമസ സ്ഥലവും തുടർച്ചയായി ശുദ്ധീകരിച്ച് രോഗാണു മുക്തമാക്കിയെന്ന് ഉറപ്പാക്കണം. ഉപഭോക്താക്കളുടെ പേര് അടക്കം വിവരങ്ങളും സന്ദർശിച്ച സമയവും ഓരോ ദിവസം രേഖപ്പെടുത്തണം. ആളുകൾ സ്ഥാപനത്തിൽ അധിക സമയം ചെലവഴിക്കുന്നത് കുറക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്നും അധികൃതർ നിർദേശിച്ചു.