ഖത്തർ എയർവെയ്‌സ് വിമാന ടിക്കറ്റുകൾക്ക് രണ്ടുവർഷംവരെ കാലാവധി നൽകും

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് വിമാന ടിക്കറ്റുകള്‍ക്ക് രണ്ടു വര്‍ഷം വരെ കാലാവധി ലഭിക്കും. 2020 സെപ്റ്റംബര്‍ 30 ന് മുമ്പ് യാത്രക്കായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പ്രഖ്യാപനം ബാധകമാകുന്നതെന്ന് കമ്പനി അധികൃതര്‍. സെപ്റ്റംബര്‍ 30ന് മുമ്പായുള്ള യാത്രക്ക് ടിക്കറ്റ് എടുത്തവര്‍ക്കും ടിക്കറ്റ് എടുക്കാന്‍ പോകുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ടിക്കറ്റ് എടുക്കുന്ന തീയതി മുതല്‍ രണ്ട് വര്‍ഷമാണ് കാലാവധി. നിലവിലെ കോവിഡ്-19 സാഹചര്യത്തില്‍ പുതിയ പ്രഖ്യാപനം യാത്രക്കാര്‍ക്ക് ആശ്വാസകരമാണ്. ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് കാലാവധി നീട്ടാന്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓഫിസുകളുമായോ അല്ലെങ്കില്‍ കോണ്‍ടാക്ട് സെന്ററുകളുമായോ ബന്ധപ്പെടണം. യാത്രാ തീയതി, സ്ഥലം എന്നിവയില്‍ എത്ര വേണമെങ്കിലും തികച്ചും സൗജന്യമായി തന്നെ മാറ്റം വരുത്താം. ക്യൂമൈല്‍സിനായി ടിക്കറ്റ് ഉപയോഗിക്കുകയും ചെയ്യാം.

ജൂണ്‍ അവസാനത്തോടെ ഇന്ത്യയിലേക്ക് ഉള്‍പ്പെടെ 80 നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 26 മുതല്‍ കേരളത്തിലേക്കുള്ള ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.