കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരണപ്പെട്ടു

മസ്കറ്റ് : കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരണപ്പെട്ടു. ആലപ്പുഴ വടുതല സ്വദേശി ഷിഹാബുദ്ദീനാണ്​ (50) ഞായറാഴ്​ച വൈകുന്നേരം അൽ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്​. ഹൃദയാഘാതം മൂലമാണ്​ മരണം സംഭവിച്ചത്​. മസ്​കത്തിൽ അൽ ഗൂബ്രയിൽ കുടുംബ സമേതം താമസിച്ചിരുന്ന ഷിഹാബുദ്ദീന്​ ജൂൺ 24നാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​​. കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ വീട്ടിൽ ​ഐസോലേഷനിലായിരുന്ന ഇദ്ദേഹത്തെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന്​ 27ന്​ അൽ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന്​ ഞായറാഴ്​ച ഉച്ചയോടെയാണ്​ അൽഖുവൈറിലെ ആശുപത്രിയിലേക്ക്​ മാറ്റിയത്​. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയും ചെയ്​തു. ഭാര്യ വഹീദ. രണ്ട്​ മക്കളുണ്ട്​.