‘ആത്രേയകം’ നോവലിന് പ്രവാസ കൈരളി സാഹിത്യ പുരസ്കാരം; ഡോ. ആർ. രാജശ്രീക്ക് ആദരം

മസ്‌കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരി ഡോ. ആർ. രാജശ്രീയുടെ ‘ആത്രേയകം’ നോവലിന് ലഭിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് മലയാള വിഭാഗം സംഘടിപ്പിച്ച കേരളോത്സവം നവംബർ 21ന് ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ വിപുലമായ കലാപരിപാടികളോടെ നടന്നു.മലയാള വിഭാഗം കൺവീനർ താജ് മാവേലിക്കരയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സതീഷ് ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ചടങ്ങിൽ മലയാള വിഭാഗം കൺവീനർ താജ് മാവേലിക്കര ഡോ. ആർ. രാജശ്രീക്ക് പ്രവാസ കൈരളി സാഹിത്യ പുരസ്കാരം നൽകി ആദരിച്ചു. കോ-കൺവീനർ രമ്യ ടെൻസിൽ, ട്രഷറർ അനീഷ് ജി. പിള്ള, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ടീന ബാബു, സതീഷ് കുമാർ, വിനോജ് വിൽസൺ, സുനിൽകുമാർ, സജിമോൻ, കൃഷ്ണേന്ദു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മലയാള ഭാഷയെയും കേരളത്തിന്റെ സംസ്കാരത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘എന്റെ കേരളം’ മലയാളം പ്രശ്നോത്തരിയിൽ ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 950ഓളം കുട്ടികൾ പങ്കെടുത്തു. മത്സരത്തിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനങ്ങൾ ഡോ. ആർ. രാജശ്രീ വിതരണം ചെയ്തു.കേരളോത്സവത്തിന്റെ ഭാഗമായി നവംബർ 20ന് ‘എഴുത്തിലെയും വായനയിലെയും കാലങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സാഹിത്യ ചർച്ചയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗത്തിന്റെ ബാലദിനാഘോഷം നവംബർ 26ന് വൈകിട്ട് ആറിന് ബൗഷറിലെ സി.ബി.എഫ്.എസ്. ഹാളിൽ നടക്കും. കുട്ടികളുടെ വിവിധ കലാപരിപാടികൾക്കൊപ്പം പ്രശസ്ത കലാകാരൻ പ്രദീപ് പൂലാനി മുഖ്യാതിഥിയായി പങ്കെടുക്കും. പ്രദീപ് പൂലാനിയുടെ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് മലയാള വിഭാഗം കൺവീനർ താജ് മാവേലിക്കര അറിയിച്ചു.