ബഹ്‌റൈനിൽ പൂർണമായും ചിത്രികരിച്ച ആദ്യ തമിഴ് ചിത്രം ‘FLAT 807’; നവംബർ 26ന് തിയറ്ററുകളിലെത്തും

മനാമ: ഗൾഫ് മേഖലയിൽ പൂർണമായും ചിത്രീകരിച്ച് നിർമിച്ച ആദ്യ തമിഴ് ഫീച്ചർ ഫിലിം എന്ന വിശേഷണവുമായി ‘FLAT 807’ നവംബർ 26ന് ബഹ്റൈനിലെ തിയറ്ററുകളിലെത്തുന്നു. ജുഫൈറിലെ മുക്ത A2 സിനിമാസിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാർത്തിക് രാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കാർത്തിക് രാജ് സിനി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമിച്ചിരിക്കുന്നത്. ബഹ്റൈനിൽ പൂർണമായും ചിത്രീകരിച്ച സിനിമയിൽ അമ്പതിലധികം കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും പങ്കാളികളായി. അപ്പാർട്ട്മെന്റ് ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ബന്ധങ്ങൾ, രഹസ്യങ്ങൾ, അപ്രതീക്ഷിത സംഭവങ്ങൾ എന്നിവ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആക്ഷൻ, പ്രണയം, കോമഡി, സസ്പെൻസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കെവിൻ ഫ്രാൻസിസ്, പ്രജോദ് കൃഷ്ണ, ഷിബിൻ പി. സിദ്ദിഖ്, ശ്രീറാം കാശി എന്നിവർ സംഗീതം നൽകിയ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഏകദേശം രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമയ്ക്ക് ഇംഗ്ലീഷ്, അറബിക് സബ്‌ടൈറ്റിലുകളുമുണ്ട്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ ചിത്രത്തിന്റെ പിന്നണി പ്രവർത്തകർ പങ്കെടുത്തു