
ബഹ്റൈൻ: ആരാധനയെ സാമൂഹിക പ്രതിബദ്ധതയാക്കി മാറ്റി കാരുണ്യപ്രവർത്തനങ്ങളുടെ പാതയിൽ മാതൃകയാവുകയാണ് ദിലീപ് ഫാൻസ് ബഹ്റൈൻ ചാപ്റ്റർ. കഴിഞ്ഞ പത്ത് വർഷമായി ‘സാന്ത്വനസ്പർശം’ എന്ന പേരിൽ വിവിധ സാമൂഹിക-സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയുടെ നാലാമത് മെഡിക്കൽ ക്യാമ്പ് മികച്ച ജനപങ്കാളിത്തത്തോടെ വിജയകരമായി പൂർത്തിയായി.
2026 നവംബർ 20 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ അദ്ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ക്യാമ്പിൽ 200-ലധികം പേർ പങ്കെടുത്തു.
ക്യാമ്പിന്റെ ഭാഗമായി ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ പരിശോധനകൾക്കൊപ്പം രക്തസമ്മർദ്ദ പരിശോധന (BP), ബോഡി മാസ് ഇൻഡക്സ് (BMI), ജനറൽ ഫിസിഷ്യൻ കൺസൾട്ടേഷൻ എന്നിവയും ലഭ്യമാക്കി. വിറ്റാമിൻ D, വിറ്റാമിൻ B12 പരിശോധനകൾ ഉൾപ്പെടെയുള്ള പ്രത്യേക പരിശോധനകൾക്കും ആശുപത്രിയിലെ ഇൻ-ഹൗസ് ലബോറട്ടറി പരിശോധനകൾക്കും പ്രത്യേക ഇളവുകൾ ഒരുക്കിയിരുന്നു. കൂടാതെ ബോഡി മാസ് പരിശോധനയ്ക്കും ഡയറ്റീഷ്യൻ കൺസൾട്ടേഷനും സൗകര്യമൊരുക്കിയിരുന്നു.
ബഹ്റൈനിലെ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മനോജ് പിള്ള വിശിഷ്ടാതിഥിയായി പങ്കെടുത്തു.
സംഘടനയുടെ പ്രസിഡന്റ് അബ്ദുൽ റസാഖിന്റെയും സെക്രട്ടറി പ്രശോഭ് ന്റെയും നേതൃത്വത്തിൽ കോർഡിനേറ്റർമാരായ ഷംസീർ, മൻസൂർ, ആൽവിൻ എന്നിവരുടെ ഏകോപനത്തിലുമാണ് ക്യാമ്പിന്റെ ആസൂത്രണവും തുടക്കം മുതലുള്ള ഒരുക്കങ്ങളും നടന്നത്. വൈസ് പ്രസിഡന്റ് രഞ്ജിത്ത് കുരുവിള, ബേബി ഹംദാൻ, പ്രശോഭ്, പ്രജിത്ത്, അഖിൽ, സൂരജ് എന്നിവരടക്കം നിരവധി പ്രവർത്തകരും ക്യാമ്പിന്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.
ആഘോഷങ്ങൾക്കപ്പുറം മനുഷ്യർക്കൊപ്പം നിൽക്കാനും ആവശ്യമായ ഘട്ടങ്ങളിൽ സഹായഹസ്തവുമായി എത്താനും കഴിയുമ്പോഴാണ് ഒരു കൂട്ടായ്മയുടെ യഥാർത്ഥ പ്രസക്തി തെളിയുന്നത്. കഴിഞ്ഞ പത്ത് വർഷമായി ‘സാന്ത്വനസ്പർശം’ പദ്ധതിയിലൂടെ ദിലീപ് ഫാൻസ് ബഹ്റൈൻ ചാപ്റ്റർ മുന്നോട്ടുവയ്ക്കുന്നതും ഈ സേവനസന്ദേശമാണ്. സ്നേഹവും കരുതലും സഹജീവിസ്നേഹവും കൈമുതലാക്കി കൂടുതൽ സന്നദ്ധസേവന പ്രവർത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി മുന്നോട്ടുപോകാനുള്ള ദൃഢനിശ്ചയത്തിലാണ് സംഘടന. നാലാമത് മെഡിക്കൽ ക്യാമ്പിന്റെ വിജയം ആ സേവനയാത്രയിലെ പുതിയൊരു അധ്യായമായി മാറി








