ബഹ്റൈനിൽ പ്രവാസി കൂട്ടത്താമസത്തിന് തടവും 5,000 ദിനാർ പിഴയും; നിയമനിർദേശവുമായി എംപിമാർ

Report by : Boby Theveril

മനാമ: ബഹ്റൈനിലെ താമസമേഖലകളിൽ അനുവദനീയമല്ലാത്ത രീതിയിൽ തൊഴിലാളികളെ കൂട്ടമായി താമസിപ്പിക്കുന്ന കെട്ടിട ഉടമകൾക്കും തൊഴിലുടമകൾക്കും തടവും 5,000 ബഹ്റൈൻ ദിനാർ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമനിർദേശം പാർലമെന്റിൽ. നിയമലംഘനം കണ്ടെത്തുന്ന കെട്ടിടങ്ങളുടെ വെള്ളം, വൈദ്യുതി ബന്ധം വിച്ഛേദിക്കാനും അധികാരം നൽകുന്ന 11 വകുപ്പുകളടങ്ങിയ ബില്ലിന് പാർലമെന്റിന്റെ പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി ഏകകണ്ഠമായി പിന്തുണ നൽകി.നാലാം തലമുറ ബന്ധപരിധിക്കുള്ളിൽ കുടുംബബന്ധമില്ലാത്ത അഞ്ചിലധികം പേർ ഒരേ വീട്ടിൽ താമസിക്കുന്ന സാഹചര്യങ്ങളാണ് നിർദേശത്തിന്റെ പരിധിയിൽ വരുന്നത്. വാടകയ്ക്ക് നൽകിയ വീടുകൾ മറ്റുള്ളവർക്ക് ഉപവാടകയ്ക്ക് നൽകുന്ന സാഹചര്യങ്ങളും ഇതിൽ ഉൾപ്പെടും. കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ തൊഴിലാളികളുടെ അമിതമായ കൂട്ടത്താമസം തടയുകയാണ് ലക്ഷ്യം.

നിയമലംഘനം കണ്ടെത്തിയാൽ ബന്ധപ്പെട്ട മുനിസിപ്പൽ കൗൺസിലുകൾക്ക് നടപടിയെടുക്കാം. കെട്ടിടത്തിലെ വെള്ളം, വൈദ്യുതി വിതരണം വിച്ഛേദിക്കാൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെടാനും ബിൽ അധികാരം നൽകുന്നു. സാധാരണ സാഹചര്യങ്ങളിൽ കെട്ടിട ഉടമകൾക്ക് മുന്നറിയിപ്പ് നൽകി നിയമലംഘനം പരിഹരിക്കാൻ സമയം അനുവദിക്കും. എന്നാൽ മനുഷ്യജീവനോ സ്വത്തിനോ ഗുരുതരമായ അപകടമുണ്ടാകുന്ന സാഹചര്യങ്ങളിൽ മുൻകൂർ അറിയിപ്പില്ലാതെ തന്നെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കാം.

നിയമം ലംഘിക്കുന്നവർക്ക് 500 മുതൽ 5,000 ദിനാർ വരെ പിഴയും തടവും അല്ലെങ്കിൽ രണ്ടും ഒരുമിച്ച് ലഭിക്കാവുന്നതാണ്. വീടുകൾ കൂട്ടത്താമസത്തിനായി വാടകയ്ക്ക് നൽകുമ്പോൾ ബന്ധപ്പെട്ട പ്രാദേശിക കൗൺസിലിനെ അറിയിക്കുകയും ആരോഗ്യ, സുരക്ഷാ, പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കുന്ന തൊഴിലുടമകൾക്കും ഇതേ നിബന്ധനകൾ ബാധകമാകും.

ബഹ്റൈനിലെ നാല് ഗവർണറേറ്റുകളിലും തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കാവുന്ന മേഖലകൾ നിർണയിക്കാൻ നഗരാസൂത്രണ മന്ത്രാലയം മുനിസിപ്പൽ കൗൺസിലുകളുമായി ചേർന്ന് പ്രവർത്തിക്കും. പരിശോധനാ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് രേഖകൾ ആവശ്യപ്പെടാനും കെട്ടിടങ്ങൾ പരിശോധിക്കാനും നിയമലംഘനങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ തയ്യാറാക്കാനും അധികാരമുണ്ടാകും.

എംപി മുഹമ്മദ് അൽ റിഫായിയാണ് ബിൽ അവതരിപ്പിച്ചത്. കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ തൊഴിലാളികളുടെ കൂട്ടത്താമസം പൂർണമായി നിരോധിക്കാനും അനധികൃത വാണിജ്യ പ്രവർത്തനങ്ങൾ തടയാനുമായിരുന്നു ആദ്യഘട്ടത്തിലെ നിർദേശം. നിയമലംഘകരെ കോടതി ഉത്തരവിന് പിന്നാലെ ഒരാഴ്ചയ്ക്കുള്ളിൽ ഒഴിപ്പിക്കണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ നിയമലംഘനത്തിൽ പങ്കില്ലാത്ത തൊഴിലാളികൾക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്ക ഉയർന്നതോടെ സമഗ്ര നിരോധനവും ഒരാഴ്ചയ്ക്കുള്ളിൽ ഒഴിപ്പിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി ബിൽ പുനഃക്രമീകരിച്ചു. നിരപരാധികളായ താമസക്കാർക്ക് കെട്ടിട ഉടമകളുടെ നിയമലംഘനത്തിന്റെ പേരിൽ വെള്ളവും വൈദ്യുതിയും നഷ്ടപ്പെടാനുള്ള സാധ്യതയും പാർലമെന്റിന്റെ നിയമോപദേഷ്ടാവ് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, നിലവിലുള്ള നിയമങ്ങൾ തന്നെ തൊഴിലാളികളുടെ താമസസൗകര്യങ്ങൾ നിയന്ത്രിക്കാൻ പര്യാപ്തമാണെന്നും പുതിയ നിയമം വിവിധ സർക്കാർ വകുപ്പുകൾക്കിടയിൽ അധികാരപരമായ ആശയക്കുഴപ്പമുണ്ടാക്കുമെന്നും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം അഭിപ്രായപ്പെട്ടു. നിലവിലെ നിയമപ്രകാരം ചില സാഹചര്യങ്ങളിൽ വെള്ളം, വൈദ്യുതി ബന്ധം വിച്ഛേദിക്കാനും വാടക കരാറുകളുടെ രജിസ്ട്രേഷൻ റദ്ദാക്കാനും മുനിസിപ്പൽ കൗൺസിലുകൾക്ക് അധികാരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

2023-ൽ നിലവിൽ വന്ന ചട്ടങ്ങൾ പ്രകാരം കൂട്ടത്താമസ കെട്ടിടങ്ങൾക്ക് എൻജിനീയറിങ് സ്ഥാപനങ്ങളുടെ സുരക്ഷാ സർട്ടിഫിക്കറ്റ്, അഗ്നിസുരക്ഷാ സംവിധാനങ്ങൾ, ആവശ്യമായ താമസസ്ഥലം എന്നിവ നിർബന്ധമാണ്. ക്യാപിറ്റൽ ഗവർണറേറ്റിൽ ഒരാൾക്ക് കിടപ്പുമുറിയിൽ കുറഞ്ഞത് നാല് ചതുരശ്ര മീറ്റർ സ്ഥലം വേണം. ഒരു മുറിയിൽ പരമാവധി എട്ട് പേർക്ക് മാത്രമാണ് താമസാനുമതി.

പുതിയ നിയമം കൊണ്ടുവരുന്നതിനുപകരം നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നാണ് ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നിലപാട്. പുതിയ നിബന്ധനകൾ പാലിക്കാൻ കെട്ടിട ഉടമകൾക്കും തൊഴിലുടമകൾക്കും മതിയായ സമയം അനുവദിക്കണമെന്നും ചേംബർ ആവശ്യപ്പെട്ടു.

നിയമനിർദേശത്തെ പിന്തുണച്ച ജനറൽ ഫെഡറേഷൻ ഓഫ് ബഹ്റൈൻ ട്രേഡ് യൂണിയൻസും താമസമേഖലകളിലെ അമിതമായ കൂട്ടത്താമസം, ശബ്ദശല്യം, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബിൽ ചർച്ച ചെയ്ത് വോട്ടെടുപ്പിന് വിധേയമാക്കും. അംഗീകാരം ലഭിച്ചാൽ മാത്രമേ നിർദേശങ്ങൾ നിയമമായി മാറുകയുള്ളൂ.