മനാമ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർ മൂല്യനിർണ്ണയ ഫലം പുറത്തു വന്നപ്പോള്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉജ്വലമായ നേട്ടം. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ശ്രീ ആരതി ഗോവിന്ദ രാജുവിനു ഇംഗ്ലീഷിൽ പുനര്‍ മൂല്യനിര്‍ണയത്തില്‍ അഞ്ചു മാര്‍ക്ക് അധികമായി കിട്ടിയതോടെ ഈ വിദ്യാര്‍ത്ഥിനി ബഹ്റൈനിലെ ടോപ്പര്‍ പദവിയിലേക്ക് ഉയര്‍ന്നു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 500 ൽ 492 മാർക്ക്( 98.4 ശതമാനം) നേടിയാണ് ശ്രീ ആരതി ഗോവിന്ദ രാജുവി ബഹ്‌റൈന്‍ ടോപ്പറായത്. ഇന്ത്യൻ സ്കൂളിലെ റീലു റെജിക്ക് 98 ശതമാനം മാര്‍ക്കോടെ (490/500) രണ്ടാം സ്ഥാനം ലഭിച്ചു. മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയുമായി റീലു രണ്ടാം സ്ഥാനം പങ്കിടുന്നു. ഇന്ത്യൻ സ്കൂളിലെ കെയൂർ ഗണേഷ് ചൗധരി 97.8 ശതമാനം മാര്‍ക്കോടെ (489/500) മൂന്നാം സ്ഥാനത്താണ്. ബഹ്‌റൈന്‍ ടോപ്പര്മാരായ മേല്പ്പറഞ്ഞ വിദ്യാർത്ഥികളെല്ലാം ഇന്ത്യന്‍ സ്കൂള്‍ സയൻസ് സ്ട്രീമിൽ നിന്നുള്ളവരാണ്. അതിനാല്‍ സ്കൂളിലെ സയൻസ് സ്ട്രീമിലും അവര്‍ യഥാക്രമം ടോപ്പറായി നിൽക്കുന്നു.
കൊമേഴ്‌സ് സ്‌ട്രീമിൽ 97.2 ശതമാനം മാർക്ക് നേടിയ (486/500) നന്ദിനി രാജേഷ് നായര്‍ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയുമായി ദ്വീപിൽ രണ്ടാം സ്ഥാനം പങ്കിട്ടു. ഇതേ സ്ട്രീമില്‍ 96.6% മാര്‍ക്ക് നേടിയ (489/500) ഷെറീൻ സൂസൻ സന്തോഷ് മൂന്നാം സ്ഥാനത്താണ്. ഹ്യൂമാനിറ്റീസ് സ്ട്രീമിൽ ഇന്ത്യൻ സ്കൂൾ ദ്വീപിലെ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 97.2 ശതമാനം മാര്‍ക്ക് (486/500) നേടിയ അർച്ചിഷ മരിയോ രണ്ടാം സ്ഥാനവും 96.6 ശതമാനം (483/500) നേടിയ അഞ്ജന സുരേഷ് ഹ്യൂമാനിറ്റീസ് സ്ട്രീമിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഈ ഫലങ്ങൾ സിബിഎസ്ഇ ഗൾഫ് സഹോദയ സ്കൂള്‍ ബഹ്‌റൈൻ ചാപ്റ്റർ സ്ഥിരീകരിച്ചു. ഈ വർഷം നടന്ന പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ 98.7 ശതമാനം വിജയശതമാനം നേടിയിരുന്നു. 675 വിദ്യാർത്ഥികളിൽ 65.9% പേർക്കും 92.7% പേർക്ക് ഒന്നാം ക്ലാസും ലഭിച്ചു. പന്ത്രണ്ടാം ക്ലാസിലെ പന്ത്രണ്ടു വിവിധ കാറ്റഗറികളിലെ പുരസ്കാരങ്ങളില്‍ പത്തും ഇന്ത്യന്‍ സ്കൂള്‍ കരസ്ഥമാക്കിയിരുന്നു.
ഇന്ത്യന്‍ സ്കൂളിന്റെ മികവിന് സാക്ഷ്യമാണ് വിദ്യാര്‍ത്ഥികള്‍ കൈവരിക്കുന്ന ഈ നേട്ടങ്ങളെന്നു ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ പറഞ്ഞു.
ഇന്ത്യൻ സ്‌കൂൾ അധ്യാപകർ നൽകുന്ന പ്രോത്സാഹനം വിദ്യാർത്ഥികളെ അവരുടെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്നുവെന്നു സ്കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു. മികച്ച അക്കാദമിക് നിലവാരമാണ് ഇന്ത്യന്‍ സ്കൂൾ പുലര്‍ത്തി വരുന്നതെന്ന് അക്കാദമിക ചുമതലയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷീദ് ആലം പറഞ്ഞു.ഏത് വെല്ലുവിളികൾക്കും തയ്യാറായ ആത്മവിശ്വാസമുള്ള, ചിന്താശീലരായ കുട്ടികളാവാനുള്ള ഏറ്റവും മികച്ച അവസരങ്ങൾ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്നുവെന്ന് പ്രിൻസിപ്പൽ വി ആർ പളനിസ്വമി പറഞ്ഞു.