മുഹമ്മദ് ശരീഫ് മുഹമ്മദ് അഹമ്മദിന്റെ വിയോഗത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു

മനാമ: ജീവിതകാലം മുഴുവൻ പ്രവാസികളെയും മലയാളികളെയും സഹോദരങ്ങളെ പോലെ ചേർത്തുപിടിച്ച ബഹ്‌റൈൻ സ്വദേശിയും മനാമ സൂഖിലെ വസ്ത്ര വ്യാപാരിയുമായിരുന്ന മുഹമ്മദ് ശരീഫ് മുഹമ്മദ് അഹമ്മദിന്റെ വിയോഗത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു. എന്ത് ആവശ്യവുമായി സമീപിച്ചാലും ആവശ്യങ്ങൾ നടത്തി തരാൻ മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെ എം സി സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ പറഞ്ഞു. മലയാളികളെ സഹോദരന്മാരെ പോലെ കണ്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം ബഹ്‌റൈൻ പ്രവാസികൾക്ക് വേദനാജനകമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥനകൾ നിർവഹിക്കണമെന്നും മയ്യിത്ത് നിസ്കരിക്കണമെന്നും നേതാക്കൾ അനുശോചന കുറിപ്പിൽ പറഞ്ഞു.