ഖത്തർ. ഖത്തറിലെ പൗരന്മാര്ക്കും താമസക്കാര്‍ക്കും ലോകകപ്പ് കാണാനെത്തുന്ന സുഹൃത്തുക്കളെയും കുടുംബങ്ങളെയും കൂടെ താമസിപ്പിക്കാം. ഹയ്യ കാര്‍ഡ് കൈവശമുള്ള വിദേശത്തുള്ള സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രജിസ്റ്റര്‍ ചെയ്യാനും കൂടെ താമസിപ്പിക്കാനും കഴിയുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയില്‍ ഹയ്യ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ കുവാരി പറഞ്ഞു.
‘നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൂടെ താമസിപ്പിക്കാന്‍ ഹയ്യ പ്ലാറ്റ്ഫോമിലെ (hayya.qatar2022.qa) രജിസ്റ്റര്‍ ചെയ്യുക” എന്ന വിഭാഗത്തിന് കീഴില്‍ നിങ്ങളുടെ അതിഥികളുടെ അടിസ്ഥാന വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യണം. മാച്ച് ടിക്കറ്റ് ലഭ്യമായ, ഹയ്യ കാര്‍ഡിന് അപേക്ഷിച്ച് അംഗീകാരം നേടിയ ഒരാള്‍ക്ക് ഖത്തറിലെ തന്റെ സുഹൃത്തിനോട് ആതിഥേയത്വം വഹിക്കാന്‍ അഭ്യര്‍ത്ഥിക്കാമെന്നും അല്‍ കുവാരി വ്യക്തമാക്കി.
മെഗാ സ്പോര്‍ട്സ് ഇവന്റ് കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമുള്ള ഒരു മീറ്റിംഗ് പോയിന്റായിരിക്കുമെന്നും രാജ്യത്തെ തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ ധാരാളം ആളുകള്‍ ഖത്തറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം ഖത്തര്‍ ടിവിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഒരു മാച്ച് ടിക്കറ്റ് വാങ്ങുകയും ഹയ്യ കാര്‍ഡിന് അപേക്ഷിക്കുകയും തുടര്‍ന്ന് അംഗീകാരം നേടുകയും ചെയ്ത ഒരാള്‍ക്ക് ഖത്തറിലെ തന്റെ സുഹൃത്തിനോട് ആതിഥേയത്വം വഹിക്കാന്‍ അഭ്യര്‍ത്ഥിക്കാവുന്നതാണ്.
കുടുംബാംഗങ്ങളെയോ സുഹൃത്തിനെയോ ആതിഥേയരാക്കാന്‍ ആഗ്രഹിക്കുന്ന ഖത്തറിലെ താമസക്കാര്‍ ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് വഴി ഹയ്യ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി അവരുടെ ക്യുഐഡി നമ്പര്‍, റസിഡന്‍സി പെര്‍മിറ്റിന്റെ സാധുത, ജനനത്തീയതി, മേല്‍വിലാസം എന്നിവ നല്‍കണം.
തുടര്‍ന്ന് ഹോസ്റ്റിന്റെ വീട്ടുവിലാസം നല്‍കണം. ഈ വിലാസം സ്ഥിരീകരിച്ച ശേഷം, തന്റെ അതിഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചേര്‍ക്കാന്‍ അപേക്ഷകനോട് ആവശ്യപ്പെടും: പേര്, പാസ്പോര്‍ട്ട് നമ്പര്‍, ദേശീയത, തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് നല്‍കേണ്ടതെന്ന് അല്‍ കുവാരി പറഞ്ഞു. ഹോസ്റ്റിന് ഹയ്യ കാര്‍ഡ് ആവശ്യമില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ദിവസത്തെ താമസം ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് ഹയ്യ പ്ലാറ്റ്ഫോമിലൂടെയും അപേക്ഷിക്കാമെന്നും ഇത് താമസ സൗകര്യം ബുക്ക് ചെയ്യാനും ഹയ്യ കാര്‍ഡ് ഇഷ്യൂ ചെയ്യാനും അവരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹയ്യ കാര്‍ഡിന് അപേക്ഷിച്ചതിന് ശേഷം ആരാധകര്‍ക്ക് താമസം ബുക്ക് ചെയ്യാം. ഇതില്‍ ഖത്തറില്‍ എത്തിച്ചേരുന്ന തീയതിയും സമയവും രാജ്യത്ത് നിന്ന് പുറപ്പെടുന്ന തീയതിയും സമയവും നല്‍കണം. ഈ സാഹചര്യത്തില്‍ ഒരു ദിവസത്തെ താമസം മാത്രമേ കാര്‍ഡ് അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.