കുവൈത്ത് സിറ്റി. വേശ്യാവൃത്തിയിലേര്‍പ്പെട്ട പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാല് പ്രവാസി സത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. തിരിച്ചറിയല്‍ രേഖകളില്ലാതെ രാജ്യത്ത് കഴിഞ്ഞവരാണ് ഇവര്‍. മണിക്കൂറിന് 15-20 കുവൈത്ത് ദിനാര്‍ വാങ്ങിയാണ് ഇവര്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുവൈത്തില്‍ അനധികൃത താമസക്കാരായ പ്രവാസികളെയും തൊഴില്‍ നിയമ ലംഘകരെയും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരെയും കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. നിരവധിപ്പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനക്കിടെ അറസ്റ്റ് ചെയ്തത്.നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കഴിഞ്ഞ ഏതാനും മാസങ്ങളായി ശക്തമായ പരിശോധനകളാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നത്. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും രേഖകളുടെ കാലാവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെയും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരെയുമൊക്കെ പിടികൂടുകയാണ്.