ഹോർമുസ് കടലിടുക്കിലെ സുരക്ഷിത ഗതാഗതം:ഒമാൻ സംഘം ടെഹ്റാനിലെത്തി

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത കപ്പൽഗതാഗതം ഉറപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ഒമാൻ നയതന്ത്ര പ്രതിനിധി സംഘം വെള്ളിയാഴ്ച ടെഹ്റാനിലെത്തി. തന്ത്രപ്രധാനമായ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ചട്ടക്കൂടുകൾ രൂപം നൽകുന്നത് സംബന്ധിച്ച ചർച്ചകൾക്കായാണ് ഒമാൻ സംഘം എത്തിയതെന്ന് ഇറാനിയൻ വാർത്ത ഏജൻസി ‘ഇർന’ റിപ്പോർട്ട് ചെയ്തു. ഹോർമൂസിലെ ഗതാഗതവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒമാനുമായി സഹകരിക്കാൻ ഇറാൻ നേരത്തേ താൽപര്യം അറിയിച്ചിരുന്നു. ഒമാൻ, ഇറാൻ വിദേശകാര്യമന്ത്രിമാർ ഇത് സംബന്ധിച്ച് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിന് തുടർച്ചയായാണ് ഒമാൻ സംഘം ഇറാനിലെത്തിയത്.