
മനാമ: പരമ്പരാഗത പ്ലാസ്റ്റിക് പാക്കേജിങ് ഉൽപ്പന്നങ്ങൾക്ക് പകരമായി സസ്യാധിഷ്ഠിത ബയോപ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ പ്രത്യേക ഉൽപ്പാദന കേന്ദ്രം ബഹ്റൈനിലെ ഹിദ്ദിൽ പ്രവർത്തനം ആരംഭിച്ചു. ഹിദ്ദ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന ലാലാപ്ലാസ്റ്റ് ബയോപ്ലാസ്റ്റിക്സാണ് ഈ കേന്ദ്രം നടത്തുന്നത്.കമ്പനിയുടെ ഉൽപ്പാദന പ്രവർത്തനങ്ങൾ 2023-ൽ തുടക്കം കുറിച്ചിരുന്നു . കസവ വേരിൽനിന്ന് വേർതിരിച്ചെടുക്കുന്ന അന്നജം, സസ്യ എണ്ണയുടെ ഘടകങ്ങൾ, മറ്റ് ജൈവവിഘടന ഘടകങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇവിടെ പാക്കേജിങ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്.ഫോസിൽ ഇന്ധനങ്ങളിൽനിന്നുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പരമ്പരാഗത പ്ലാസ്റ്റിക്കുകൾക്ക് പകരമായി പുനരുപയോഗിക്കാവുന്ന സസ്യവിഭവങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പ്ലാസ്റ്റിക് ബാഗുകളും ദൈനംദിന പാക്കേജിങ് വസ്തുക്കളും ഉൾപ്പെടെയുള്ളവയ്ക്ക് ബദൽ ഒരുക്കുന്നതിലൂടെ ബഹ്റൈനിലെ വ്യവസായ മേഖലയുടെ വൈവിധ്യവൽക്കരണത്തിനും കേന്ദ്രം സഹായകമാകുമെന്നാണ് വിലയിരുത്തൽ.ഓക്സോ-ഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകളിൽനിന്ന് വ്യത്യസ്തമായി, അനുയോജ്യമായ സാഹചര്യങ്ങളിൽ ജൈവികമായി വിഘടിക്കുന്ന രീതിയിലുള്ള ഉൽപ്പന്നങ്ങളാണ് തങ്ങൾ വികസിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. പരിസ്ഥിതി സൗഹൃദമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എല്ലാ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെയും ഘടനയും പരിസ്ഥിതിയിലെ സ്വാധീനവും ഒരുപോലെയല്ലെന്നതിനാൽ ഈ മാറ്റത്തിനു പ്രാധാന്യമുണ്ടെന്നും അധികൃതർ വ്യക്തമാക്കി






