

സുഹാർ: സുഹാർ ലിറ്റററി ഫോറം (എസ്.എൽ.എഫ്) ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. മസ്കത്തിലെ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രാജീവ് മഹാദേവന്റെ കവിതാ സമാഹാരം ‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ എന്ന പുസ്തകമാണ് ചർച്ചയ്ക്കെടുത്തത്.
സഫീർ മാളിൽ പുസ്തകമേളയുടെ ഭാഗമായി നടന്ന പരിപാടിയിൽ എസ്.എൽ.എഫ് പ്രസിഡന്റും എഴുത്തുകാരനുമായ കെ. ആർ.പി. വള്ളിക്കുന്നം, സുഹാർ യൂനിവേഴ്സിറ്റി അദ്ധ്യാപകനും പ്രഭാഷകനുമായ പ്രൊഫസർ റോയ് പി. വീട്ടിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. എസ്.എൽ.എഫ് അംഗങ്ങൾ, സുഹാറിലെ സാമൂഹിക കലാ സാംസ്ക്കാരിക മേഖലകളിലെ പ്രതിനിധികൾ തുടങ്ങി നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു.
കാലികമായ വിഷയ സ്വീകരണവും ഭാഷാപരമായ അതിരുകൾ മറികടക്കുന്ന പുത്തൻ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് ഈ സമാഹാരത്തിലെ കവിതകൾ വേറിട്ടു നിൽക്കുന്നതായി ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രതിസന്ധികളിൽ പ്രതീക്ഷയായി, പ്രതിഷേധങ്ങളിൽ പ്രതീകമായി കവിതയെ മുറുകെപ്പിടിക്കേണ്ട കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്ന് മറുമൊഴിയിൽ രാജീവ് മഹാദേവൻ പറഞ്ഞു.
സാമൂഹിക പ്രവർത്തകൻ രാമചന്ദ്രൻ താനൂർ, ബാത്തിന സൗഹൃദ വേദി കൺവീനർ കെ.വി. രാജേഷ്, മലയാളം മിഷൻ മേഖലാ കോഓഡിനേറ്റർ സജീഷ് ജി. ശങ്കർ തുടങ്ങിയവർ ആശസകൾ നേർന്നു. എസ്.എൽ.എഫ് ഉപദേശക സമിതി അംഗവും ഗൾഫ് ദേശാഭിമാനി റിപ്പോർട്ടറുമായ റഫീഖ് പറമ്പത്ത് സ്വാഗതവും സാമൂഹികപ്രവർത്തകൻ സിറാജ് തലശ്ശേരി നന്ദിയും പറഞ്ഞു.
രാജീവ് മഹാദേവന്റെ ആദ്യ കവിതാ സമാഹാരമായ ‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ ഈ വർഷം ഫെബ്രുവരിയിലാണ് പ്രസിദ്ധീകരിച്ചത്. മാർച്ചിൽ തിരുവനന്തപുരത്തും മെയ് മാസത്തിൽ മസ്ക്കത്തിലും പുസ്തകത്തിന്റെ പ്രകാശന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പ്രവാസം, പലായനം, പൗരത്വം തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ പ്രശ്നവൽക്കരിക്കുന്ന 30 കവിതകളടങ്ങിയ സമാഹാരം ഇതിനകം തന്നെ നിരൂപക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.
പുസ്തക ചർച്ചകളും സാഹിത്യ സംവാദങ്ങളും നിരന്തരമായി സംഘടിപ്പിച്ച് സുഹാറിലെ സാഹിത്യമണ്ഡലത്തിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിവരുന്ന സുഹാർ ലിറ്റററിഫോറം തുടർന്നും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.








