
മസ്കത്ത്: വിളിക്കുന്നയാൾ അറിയാതെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നത് പലരുടെയും ശീലമാണ്. ഇത്തരക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. നിയമപരമായ അനുമതിയില്ലാതെ മറ്റുള്ളവരുടെ സ്വകാര്യ സംഭാഷണങ്ങളോ ആശയവിനിമയങ്ങളോ ഒളിഞ്ഞുകേൾക്കുക, റെക്കോർഡ് ചെയ്യുക, കൈമാറുക, സാമൂഹിക മാധ്യമങ്ങളിലോ മറ്റോ പ്രക്ഷേപണം ചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ പുറത്തുവിടുകയോ ചെയ്യുക എന്നിവ സൈബർ കുറ്റകൃത്യ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവുശിക്ഷയോ 5,000 ഒമാനി റിയാൽ വരെ പിഴയോ, അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലും ഒരു ശിക്ഷയോ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 2026-ലെ റോയൽ ഡിക്രി നമ്പർ 61/2026 പ്രകാരം നിലവിൽ വന്ന സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുള്ള നിയമത്തിലെ ആർട്ടിക്കിൾ 36(1) പ്രകാരമാണ് മുന്നറിയിപ്പ്. നിയമാനുമതിയില്ലാതെ സ്വകാര്യ സംഭാഷണങ്ങൾ, ആശയവിനിമയങ്ങൾ, ഓഡിയോ-വീഡിയോ ഉള്ളടക്കങ്ങൾ എന്നിവ ഒളിഞ്ഞുകേൾക്കുക, റെക്കോർഡ് ചെയ്യുക, കൈമാറുക, പ്രക്ഷേപണം ചെയ്യുക, അല്ലെങ്കിൽ പുറത്തുവിടുക എന്നിവ സ്വകാര്യത ലംഘിക്കുന്ന കുറ്റകൃത്യങ്ങളായി ഈ വകുപ്പ് വ്യക്തമാക്കുന്നു. സ്വകാര്യതയെ ലംഘിക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അല്ലാത്തപക്ഷം ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പിൽ പറയുന്നു.









