
മസ്കത്ത്: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ച മസ്കത്തിലെത്തും. ഖത്തർ, ബഹറൈൻ, കുവൈത്ത് സന്ദർശന ശേഷമാണ് വിദേശകാര്യമന്ത്രി ഒമാനിലെത്തുന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിലെ തന്ത്രപ്രധാനമായ സഹകരണം ശക്തിപ്പെടുത്തുന്നതടക്കം വിഷയങ്ങളിൽ സുപ്രധാന നയതന്ത്ര ചർച്ചകൾ സന്ദർശന ഭാഗമായി നടക്കും.
ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയുമായി നടക്കുന്ന ചർച്ചയിൽ ഇന്ത്യ–ഒമാൻ ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാ മേഖലകളിലെയും സഹകരണം കൂടുതൽ ശക്തിപ്പെടുത്തലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2025 ഡിസംബറിലെ സന്ദർശന വേളയിൽ പ്രഖ്യാപിച്ച തീരുമാനങ്ങളുടെ പുരോഗതിയുമടക്കം വിഷയങ്ങൾ ചർച്ചയാകും. ഇക്കഴിഞ്ഞ ജൂൺ ഒന്നുമുതൽ നിലവിൽ വന്ന ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പിലാക്കലും ചർച്ചയാകുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പത്രകുറിപ്പിൽ അറിയിച്ചു. ഒമാൻ സന്ദർശന ശേഷം അമേരിക്കയിലെ ന്യൂയോർക്കിലും ബെൽജിയത്തിലെ ബ്രസ്സൽസിലും നടക്കുന്ന പ്രധാന നയതന്ത്ര പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.











