
സലാല: ഖരീഫ് മഴയിൽ പച്ചപ്പണിഞ്ഞ സലാലയുടെ മലനിരകളും താഴ്വാരങ്ങളും മനോഹരങ്ങളായ കടൽതീരങ്ങളുമെല്ലാം 55 അടി ഉയരത്തിലിരുന്ന് ആസ്വദിക്കാൻ വഴിയൊരുക്കുന്ന ‘സലാല ഐ’ നിരീക്ഷണ ചക്രം ഉദ്ഘാടനത്തിനൊരുങ്ങി. ഖരീഫ് സഞ്ചാരികൾക്കായി ആഗസ്റ്റ് 15ന് ‘സലാല ഐ’ ഉദ്ഘാടനം ചെയ്യും. ന്യൂ ഹാഫ സൂഖിനോട് ചേർന്ന് നിർമിച്ചിട്ടുള്ള ‘സലാല ഐ’ ഒമാനിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമാണ്.
സഞ്ചാരികൾക്ക് ഇരിക്കാനായി പൂർണമായി എയർ കണ്ടീഷനിങ് ചെയ്ത 30 കാബിനുകളാണ് ഈ ജയന്റ്‍ വീലിലുള്ളത്. ഓരോ കാബിനിലും ആറുപേർക്ക് വീതം ഇരിക്കാൻ കഴിയും. ഉയർന്നുപൊങ്ങുന്നതോടെ പച്ചപുതച്ച സലാലയുടെ മലനികളും താഴ്വാരങ്ങളുമെല്ലാം 360 ഡിഗ്രിയുടെ മിഴിവിൽ സഞ്ചാരികൾക്ക് മുന്നിൽ തെളിയും. എട്ടു മുതൽ 12 മിനിറ്റുകൊണ്ടാകും ‘സലാല ഐ’ ഒരു കറക്കം പൂർത്തിയാക്കുക. ഏഴ് റിയാലാണ് സാധാരണ ടിക്കറ്റ് നിരക്ക്. ആറംഗങ്ങൾക്കായുള്ള ഫാമിലി കാബിന് 28 റിയാൽ നൽകിയാൽ മതി. നേരത്തേ ബുക്ക് ചെയ്യുന്നവരിൽ പ്രൊമോഷനൽ നിരക്കായി അഞ്ച് റിയാലാകും ഈടാക്കുക. ഖരീഫ് സീസണിൽ രാവിലെ പത്തു മുതൽ രാത്രി 11 വരെയാകും പ്രവർത്തനം.
ഒമാന്റെ വിനോദസഞ്ചാര രംഗത്ത് തിലകക്കുറിയായിട്ടുള്ള ‘സലാല ഐ’ പൈതൃക-ടൂറിസം മന്ത്രാലയവും ദോഫാർ നഗരസഭയും ചേർന്നാണ് നിർമിച്ചത്.








