ലോക കേരളസഭ പിരിച്ചുവിട്ടതിൽ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് ബഷീർ അമ്പലായി

മനാമ: ലോക കേരളസഭ പിരിച്ചുവിട്ട സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി. ലോക കേരളസഭ സാധാരണ പ്രവാസി മലയാളികൾക്ക് കാര്യമായ നേട്ടമുണ്ടാക്കാതെ ഖജനാവിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിച്ച സംവിധാനമായി മാറിയെന്ന വിമർശനത്തോടെയാണ് തീരുമാനം സ്വാഗതം ചെയ്യുന്നതെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി.പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ലോക കേരളസഭ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതായും വലിയ ചെലവുകൾ ഉണ്ടായതായും ബഷീർ അമ്പലായി ആരോപിച്ചു. സാധാരണ പ്രവാസികൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന പദ്ധതികൾക്കും ആനുകൂല്യങ്ങൾക്കും സർക്കാർ കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വരും കാലത്ത് സാധാരണ പ്രവാസി മലയാളികൾക്ക് പ്രയോജനപ്പെടുന്ന ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും നടപ്പാക്കാനുള്ള സർക്കാർ നടപടികളെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം സന്ദേശത്തിൽ അറിയിച്ചു. ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡന്റ് കൂടിയാണ് ബഷീർ അമ്പലായി.