ബഹ്‌റൈൻ-അമേരിക്ക സംയുക്ത സൈനിക സമിതി യോഗം; പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ചർച്ച

മനാമ: ബഹ്‌റൈൻ-അമേരിക്ക സംയുക്ത സൈനിക സമിതിയുടെ 21-ാമത് യോഗം ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിൽ സമാപിച്ചു. ബഹ്‌റൈൻ ഭാഗത്ത് പ്രതിരോധകാര്യ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമിയും അമേരിക്കൻ ഭാഗത്ത് നിയർ ഈസ്റ്റേൺ ആൻഡ് സെൻട്രൽ ഏഷ്യൻ അഫയേഴ്‌സ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി മൈക്കൽ ഡിമിനോ നാലാമനും നേതൃത്വം നൽകി.സൈനിക ഏകോപനവും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സംയുക്ത സഹകരണവും കൂടുതൽ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും, പ്രത്യേകിച്ച് സൈനിക മേഖലയിലെ സഹകരണവും വിലയിരുത്തി. തുടർന്ന് 21-ാമത് യോഗത്തിന്റെ മിനിറ്റ്സിൽ ഇരുപക്ഷവും ഒപ്പുവച്ചു. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.