
മനാമ : ബഹ്റൈൻ ഐ.സി.ആർ.എഫ് സംഘടിപ്പിക്കുന്ന വിദ്യാർത്ഥികളുടെ കലാമത്സരമായ ഫാബർ-കാസ്റ്റൽ സ്പെക്ട്രയുടെ 18-ാം പതിപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 2026 നവംബർ 13ന് ഇന്ത്യൻ സ്കൂൾ ഈസ ടൗൺ ക്യാമ്പസിലാണ് മത്സരം. ഒക്ടോബർ ആദ്യവാരം ആരംഭിക്കുന്ന രജിസ്ട്രേഷൻ നവംബർ 5 വരെ തുടരും. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വഴിയാണ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാനാകുക. 5–8, 8–11, 11–14, 14–18 എന്നിങ്ങനെ നാല് പ്രായവിഭാഗങ്ങളിലായാണ് മത്സരം. മുതിർന്നവർക്കും ഓൺലൈനായി പങ്കെടുക്കാം. എല്ലാ മത്സരാർത്ഥികൾക്കും ഫാബർ-കാസ്റ്റലിന്റെ സൗജന്യ ഡ്രോയിംഗ് സാമഗ്രികൾ നൽകും. ഓരോ വിഭാഗത്തിലെയും മികച്ച അഞ്ച് പേർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും മികച്ച 50 പേർക്ക് മെഡലും എല്ലാ വിദ്യാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിക്കും. മികച്ച ചിത്രങ്ങൾ 2027ലെ ഐ.സി.ആർ.എഫിന്റെ വാൾ ആൻഡ് ഡെസ്ക് കലണ്ടറിൽ ഉൾപ്പെടുത്തും. സ്പെക്ട്രയ്ക്ക് പത്ത് വർഷത്തിലേറെയായി പിന്തുണ നൽകുന്ന അധ്യാപകരെയും മാധ്യമസ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 39612819, icrfbahrain@gmail.com.







