പ്രവാസികളുടെ ജനാധിപത്യ വേദിയായ ലോക കേരളാ സഭ സംരക്ഷിക്കണം — ബഹ്‌റൈൻ നവകേരള

മനാമ : ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും കേരളത്തിന്റെ വികസന ചർച്ചകളിൽ നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയായ ലോക കേരളസഭ പിരിച്ചുവിടാനുള്ള മന്ത്രിസഭാ തീരുമാനം പ്രതിഷേധാർഹമാണ്.
2018ൽ ആരംഭിച്ച ലോക കേരളസഭ പ്രവാസി സമൂഹത്തിന്റെ ക്ഷേമം, തൊഴിൽ, നിക്ഷേപം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കിയ പ്രധാന വേദിയായിരുന്നു.തീരുമാനങ്ങളിൽ ചിലത് നടപ്പാക്കുന്നതിൽ വീഴ്ചകളുണ്ടെങ്കിൽ അവ പരിഹരിക്കുകയാണ് വേണ്ടത്. പോരായ്മകൾ ചൂണ്ടിക്കാട്ടി ഒരു വേദി തന്നെ ഇല്ലാതാക്കുന്നത് പരിഹാരമല്ല. പ്രവാസികളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും സഭയെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുകയും ചെയ്യുകയാണ് വേണ്ടത്.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ അഭിപ്രായം കേൾക്കാനും പ്രശ്നങ്ങൾ ഉന്നയിക്കാനും നയരൂപീകരണത്തിൽ പങ്കാളികളാകാനും കഴിയുന്ന ജനാധിപത്യ വേദി അനിവാര്യമാണ്. പ്രവാസികളുടെ സാമ്പത്തിക സംഭാവന മാത്രം ലക്ഷ്യമിടാതെ അവരുടെ അവകാശങ്ങളും ക്ഷേമവും സാമൂഹിക സുരക്ഷയും കൂടി പരിഗണിക്കണം.

ലോക കേരളസഭയുടെ പ്രവർത്തനങ്ങളിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി അത് തുടരണമെന്നും, പ്രവാസി സംഘടനകളുമായും പ്രതിനിധികളുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും നിർത്തലാക്കുന്നത് പ്രതിഷേധാർഹവുമാണെന്ന്‌ ബഹ്‌റൈൻ നവകേരള വാർത്താകുറിപ്പിൽ അറിയിച്ചു .