മസ്കത്ത്: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം മസ്കത്തിലെ ഇന്ത്യൻ എംബസി ദേശഭക്തി നിറഞ്ഞ അന്തരീക്ഷത്തിൽ വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു. ആയിരത്തിലധികം പ്രവാ സികളും ഇന്ത്യയുടെ സുഹൃത്തുക്കളും എംബസി വളപ്പിൽ അതിരാവിലെ ഒത്തുകൂടിയാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്.അൽ മ ബേല ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ വന്ദേമാതര ആലാപനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് അംബാസഡർ പ്രശാന്ത് പിസെ ഇന്ത്യൻ പതാക ഉയർത്തി. “സൂര്യപഥ് തിരംഗ” എന്ന പ്രമേയത്തിന് കീഴിലായിരുന്നു ഈ വർഷത്തെ പതാക ഉയർത്തൽ ചടങ്ങ്. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ പതാകയുടെ ആഗോള ഡിജിറ്റൽ റിലേ എന്ന ആശയത്തിലധിഷ്ഠിതമായ കേന്ദ്ര സർക്കാർ പദ്ധതിയാണിത്.പതാക ഉയർത്തലിന് ശേഷം സദസ്സിനെ അഭിസംബോധന ചെയ്ത അംബാസഡർ, രാഷ്ട്രപതിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധനയിലെ പ്രധാന ഭാഗങ്ങൾ പങ്കുവയ്ക്കുകയും ഇന്ത്യയുടെ ശ്രദ്ധേയമായ വളർച്ചയെയും ഭാവി ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിക്കുകയും ചെയ്തു.ഇന്ത്യൻ സമൂഹത്തിലെ വൈവിധ്യമാർന്ന കലാ പ്രതിഭകളെ പ്രദർശിപ്പിക്കുന്ന സാംസ്കാരിക പരിപാടിയും ചടങ്ങിനോടനുബന്ധിച്ച് നടന്നു. ഒമാൻ-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഇന്ത്യൻ തൊഴിലാളി സമൂഹത്തിന്റെ സംഭാവനകളും ചടങ്ങിൽ അംഗീകരിക്കപ്പെട്ടു.

80-ാം സ്വാതന്ത്ര്യദിനത്തിന്റെ മുന്നോടിയായി “ഹർ ഘർ തിരംഗ” കാമ്പയിന്റെ ഭാഗമായി എംബസി ചിത്രരചനാ മത്സരം, ക്വിസ് മത്സരം, “ഭാരത് കോ ജാനിയേ” ക്വിസ്, “ഇന്ത്യ ത്രൂ മൈ ലെൻസ്” ഫോട്ടോഗ്രഫി മത്സരം, ഫഡ് പെയിന്റിംഗ് വർക്ക്ഷോപ്പ്, “വികസിത് ഭാരത് 2047” എന്ന കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട “മൈ ഇന്ത്യ, മൈ സ്റ്റോറി” തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇവയിലെ വിജയികളെയും മികച്ച പ്രകടനം കാഴ്ചവച്ചവരെയും ചടങ്ങിൽ ആദരിച്ചു. സയൻസ് ഇന്ത്യ ഫോറവുമായി ബന്ധപ്പെട്ട വിദ്യാർഥികൾക്കും ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ അക്കാദമിക്, മറ്റ് മേഖലകളിലെ മികവ് പുലർത്തിയവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു.ഇന്ത്യൻ സമൂഹത്തിലെ യുവപ്രതിഭകൾ, കലാകാരന്മാർ, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ, പ്രൊഫഷണലുകൾ, തൊഴിലാളികൾ എന്നിവരെല്ലാം രാഷ്ട്രത്തോടുള്ള അഭിമാനത്തിൽ ഒന്നിച്ച വേദിയായി ഈ ആഘോഷം മാറി.വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുന്ന വേളയിൽ, ഒമാനിലും ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിന്റെ ഊഷ്മളമായ ആശംസകൾ മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.







