
മസ്‌കത്ത്: ജീവനക്കാര്‍ക്കിടയില്‍ ക്ഷേമവും സൗഹൃദവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മസ്‌കത്ത് ഫാര്‍മസി ആരംഭിച്ച വിനോദ ക്ലബ്ബ് ‘മസ്‌കറ്റിയേഴ്‌സ്’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഫാര്‍മ ബില്‍ഡിംഗില്‍ നടന്ന ചടങ്ങില്‍ ‘ഹെഡ് ഓഫ് പീപ്പിള്‍ ആന്റ് കള്‍ച്ചര്‍’ ഫൈസല്‍ മൂസ അല്‍ ബലൂഷിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോസ് ശ്രീധരന്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പങ്കജ് സിംഗ്, ചീഫ് സപ്ലൈ ചെയിന്‍ ഓഫീസര്‍ ഗ്രേസണ്‍ പോള്‍ എന്നിവരുള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് നേതൃത്വത്തിന്റെയും ജീവനക്കാരുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്ഥാപനത്തിനുള്ളില്‍ സൗഹൃദവും ടീം സ്പിരിറ്റും ശക്തിപ്പെടുത്തുന്നതിന് ഇത്തരം അവസരങ്ങൾ ഒരുക്കേണ്ടതിന്റെ പ്രാധാന്യം സി.ഇ.ഒ ജോസ് ശ്രീധരന്‍ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
ക്ലബ്ബ് സൗകര്യങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന പുതിയ ഓണ്‍ലൈന്‍ ബുക്കിംഗ് ആപ്ലിക്കേഷന്റെ ഔദ്യോഗിക അവതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. സൂംബ, യോഗ പരിശീലന സെഷനുകള്‍, ഉദ്ഘാടന കായിക മത്സരങ്ങള്‍, നേതൃത്വത്തിന്റെ പ്രസംഗങ്ങള്‍ എന്നിവയ്‌ക്കൊപ്പം, ‘മസ്‌കറ്റിയേഴ്‌സ്’ എന്ന പേര് നിർദേശിച്ച മത്സര വിജയി പ്രസന്ന ഗോവിന്ദനെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി ‘മസ്‌കറ്റിയേഴ്‌സ്’ ആരംഭിക്കുന്നതില്‍ മാനേജ്‌മെന്റ് കാഴ്ചവെച്ച ദീര്‍ഘവീക്ഷണത്തിനും പിന്തുണയ്ക്കും ഗോഡ്വിന്‍ ജോസഫ് നന്ദി രേഖപ്പെടുത്തി.










