ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരം: ദുബായില്‍ ഗതാഗത മുന്നറിയിപ്പ്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരവുമായി ബന്ധപ്പെട്ട് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ട്രാഫിക് അലേര്‍ട്ട് (traffic alert) പുറപ്പെടുവിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് ഇന്റര്‍സെക്ഷന് സമീപമുള്ള ഹെസ്സ സ്ട്രീറ്റില്‍ തിരക്കുണ്ടാകുമെന്ന് അതോറിറ്റി വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദുബായ് സ്പോര്‍ട്സ് സിറ്റിയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടാണ് കാലതാമസമെന്നും ട്വീറ്റില്‍ പറയുന്നു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ ഇതര റൂട്ടുകള്‍ ഉപയോഗിക്കണമെന്നും ആര്‍ടിഎ നിര്‍ദേശിച്ചു. ”പൊതുജനങ്ങള്‍ അവരുടെ ലക്ഷ്യസ്ഥാനം/മത്സര ലൊക്കേഷനില്‍ എത്താന്‍ ഉമ്മു സുഖീം സ്ട്രീറ്റ് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നു, അതേസമയം ദുബായ് സ്പോര്‍ട്സ് സിറ്റിയിലെ താമസക്കാര്‍ക്ക് അല്‍ ഫേ റോഡ് ഒരു ബദല്‍ റൂട്ടായി ഉപയോഗിക്കാം,” പൊതുജനങ്ങള്‍ അവരുടെ യാത്രകള്‍ നേരത്തെ ആസൂത്രണം ചെയ്യണമെന്നും അതോറിറ്റി വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച ഡിപി വേള്‍ഡ് ഏഷ്യാ കപ്പിലെ തങ്ങളുടെ ഗ്രൂപ്പ് ഓപ്പണറില്‍ പാക്കിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടിയിരുന്നു, ഞായറാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. ഇത്തരത്തില്‍ കാര്യങ്ങള്‍ പോയാല്‍ സെപ്തംബര്‍ 11ന് നടക്കുന്ന ഫൈനലില്‍ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടാന്‍ സാധ്യതയുണ്ട്.