കുവൈറ്റ് സിറ്റി∙ വീസക്കച്ചവടം, മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വീസക്കച്ചവടം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി. കുറ്റക്കാർക്ക് തടവും പിഴയും ഉൾപ്പെടെ ശിക്ഷ കടുപ്പിക്കും. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ (പിഎഎം) സഹകരണത്തോടെ പരിശോധനാ, ബോധവൽക്കരണ ക്യാംപെയ്ൻ നടത്താനും പദ്ധതിയുണ്ട്. സ്ഥാപനങ്ങളുടെ ജനസംഖ്യാനുപാതം നോക്കിയാണ് പുതിയ വീസ അനുവദിക്കുക.
വീസ അപേക്ഷ ലഭിച്ചാൽ സ്ഥാപനത്തിന് പ്രസ്തുത തസ്തിക ആവശ്യമുണ്ടോ എന്നു പരിശോധിച്ചാണ് നടപടി. കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം കുറ്റമറ്റ രീതിയിൽ റിക്രൂട്ടിങ് നിയമം പരിഷ്കരിക്കും. വിദേശത്തു നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി