ദുബായ്. വാഹനാപകടമുണ്ടായ ശേഷം ആർക്കെങ്കിലും പരുക്കുണ്ടായാലും ഇല്ലെങ്കിലും സംഭവ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടുന്നവർക്ക് കുറഞ്ഞത് 20,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. അപകടത്തിന് കാരണമായാലും ഇല്ലെങ്കിലും കാര്യകാരണങ്ങളില്ലാതെ സംഭവ സ്ഥലത്തുനിന്നും പോയാൽ അയാൾ ശിക്ഷിക്കപ്പെടും.
ട്രാഫിക് സംബന്ധിച്ച 1995 ലെ ഫെഡറൽ നിയമം നമ്പർ 21 ലെ ആർട്ടിക്കിൾ 49, ക്ലോസ് 5 ൽ പിഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള കൂട്ടിയിടികളിൽ ഉൾപ്പെടുന്ന വാഹനമോടിക്കുന്നവർ ബന്ധപ്പെട്ട ട്രാഫിക് അധികാരികളുടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ സംഭവസ്ഥലത്ത് കാത്തിരിക്കണമെന്നും നിർദേശിക്കുന്നു.